ഹജ്ജ് വെൽഫെയർ ഫോറം വോളണ്ടിയർ രജിസ്ട്രേഷൻ പൂർത്തിയായി

10:47 PM Aug 14, 2018 | Deepika.com
ജിദ്ദ : ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2018 ഹജ്ജ് സേവനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. 630 വോളന്‍റിയർമാരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. മലയാളികൾക്കുപുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒന്നര മാസം മുൻപാണ് അൽ നൂർ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ തുടങ്ങിയ താത്കാലിക ഓഫീസ് കേന്ദ്രീകരിച്ചു രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയത്. തമിഴ് നാട് , കർണ്ണാടക, ആന്ധ്ര പ്രദേശ് , ഒറീസ , തെലുങ്കാന, രാജസ്ഥാൻ , മേഘാലയ, ഭൂട്ടാൻ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റി എൺപത് അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വോളന്‍റിയർമാർക്ക് പ്രത്യേക പരിശീലന പരിപാടി ഇതിനകം നടത്തിയിരുന്നു. ജിദ്ദയിലെ സുമനസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നത് .

ഇന്ത്യൻ കോൺസുലേറ്റിനു കീഴിലുള്ള ഹജ്ജ് മിഷനുമായി സഹകരിച്ചാണ് വര്ഷങ്ങളായി ഈ സേവനം സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ പ്രമുഖ രാഷ്ട്രീയ മത സാംസ്‌കാരിക രംഗത്തെ ഇരുപതിലധികം വരുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ