മഴക്കെടുതി: കേരളത്തിന് വിവിധ പ്രവാസി സംഘടനകളുടെ സഹായഹസ്തം

11:30 PM Aug 13, 2018 | Deepika.com
കുവൈത്ത് : കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വിവിധ പ്രവാസി സംഘടനകൾ മുന്നോട്ടുവരുന്നു. ഇതിന്‍റെ ഭാഗമായി പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിക്കാൻ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ കേന്ദ്ര പ്രവർത്തകസമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു.

കെകെഐസി മെംബർ ചുരുങ്ങിയത് ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണം. ഇതിനു പുറമെ മനുഷ്യസ്നേഹികളായ പൊതു സമൂഹത്തിന്‍റെ പിന്തുണ തേടും. ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബാക്കി തുക വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്‍റെ യും പ്രാദേശിക ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ നേരിട്ടുള്ള സഹായപദ്ധതികൾക്ക് ഉപയോഗപ്പെടുത്തും.

കെഎഇ കുവൈത്ത് ഒന്നര ലക്ഷം രൂപ സഹായം നൽകും

കുവൈത്തിലെ കാസർ ഗോഡ് ജില്ലക്കാരുടെ പൊതു വേദിയയായ കാസർ ഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ സഹായം അടുത്ത ദിവസം കണ്ണൂർ , വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളുകൾക്കുവേണ്ടി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസ്തുത ജില്ലകളിലെ കളക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും സഹായം നൽകുക. ഇതുമായി ബന്ധപ്പെട്ടു കെ ഇ എ ഭാരവാഹികൾ കളക്ടർമാരുമായി ആശയവിനിമയം നടത്തുകയും ദുരിത ബാധിതർക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതോടപ്പം ആവശ്യമനുസരിച്ച് വസ്ത്രങ്ങളും എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ