മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി

08:39 PM Aug 13, 2018 | Deepika.com
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്‍റ് സ്വര്‍ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് രാവിലെ 10 നു നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ തുടക്കമായ കൊടിയേറ്റുകർമത്തിനും വികാരി ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വേദനകളെ വേദമാക്കി മാറ്റിയും നിറഞ്ഞ കണ്ണുകളെ തുളുമ്പാതെ സൂക്ഷിച്ചവളുമായിരുന്ന പരിശുദ്ധ അമ്മ, തന്‍റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും ജീവിതത്തില്‍ നിഷേധിച്ചപ്പോള്‍ ഒരു നിഷേധിയായി മാറാതെ എപ്പോഴും ദൈവഹിതത്തിനു കീഴടങ്ങിയവളുമാണ് പരിശുദ്ധ അമ്മയെന്ന് വചനസന്ദേശത്തില്‍ സഹകാര്‍മികനായിരുന്ന ഫാ. ബിന്‍സ് ചേത്തലില്‍ പറഞ്ഞു.

ആദ്യമായിട്ടാണ് ഇടവകയിലെ പ്രധാന തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായി ട്ടാണ് അവര്‍ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിനായി തയാറെടുക്കുന്നത്. തിരുനാളിനായി സമാഹരിച്ച തുകയില്‍ നിന്നും ചെലവുകള്‍ കുറച്ച് കൂടുതല്‍ പണം കേരളത്തിലെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നല്‍കുക എന്നതാണ് ലക്ഷ്യം.

യുവജനങ്ങളുടെ നേതൃത്വത്തില്‍ മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ തിരുനാളിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രം ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കും. ആഘോഷമായ തിരുനാള്‍ റാസകുര്‍ബാന ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം