ബെയ്ഷ് ഒഐസിസി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

05:39 PM Aug 11, 2018 | Deepika.com
ബെയ്ഷ് (സൗദി അറേബ്യ): ബെയ്ഷ് ഒഐസിസി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ഇന്ത്യൻ ജനതയുടെ മുന്നേറ്റത്തിന്‍റെ സ്വരമായിരുന്നു ക്വിറ്റ് ഇന്ത്യ. 1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കം കുറച്ചു. ബ്രിട്ടീഷ്കാർക്കെതിരെ
ഇന്ത്യയിലെ നാനാജാതി മതസ്ഥരായ ജനതയെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സമരത്തിൽ നിന്നാണ് ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തൊന്നാം വാർഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ അധികാരത്തിലുള്ള ബിജെപിയും കമ്യുണിസ്റ്റും ഇന്ത്യയുടെ ചരിത്രം ഇന്ത്യൻ ജനത ഓർമിക്കാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് വിവിധ തരത്തിലുള്ള സമരപരിപാടികളുമായി മുന്നേറിയപ്പോൾ അന്നത്തെ ബ്രിട്ടീഷ് സൈന്യത്തെ മുഹമ്മദാലി ജിന്നയ്ക്കൊപ്പം സഹായിച്ചിരുന്ന ആർ. എസ് എസും, ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയുമാണ് ഇന്ന് ഇന്ത്യയും കേരളവും ഭരിക്കുന്നത്. അന്ന് അസംഘടിതരായിട്ടുള്ള മത വിഭാഗങ്ങളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും സാമ്രാജ്യത്വ ശക്തികൾ ചൂഷണം ചെയ്തു കൊലപ്പെടുത്തിയെങ്കിൽ ഇന്ന് ബിജെപിയും കമ്യുണിസ്റ്റ് പാർട്ടിയും ഒരേ നാണയത്തിന്‍റെ ഇരുപുറങ്ങളായി നിന്നുകൊണ്ട് മത ന്യുനപക്ഷങ്ങളെയും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരെയും കൂട്ടത്തോടെ കൊലപ്പെടുത്തുകയും ആസ്സാം പോലുള്ള സംസ്ഥാനങ്ങളിൽ തലമുറകളായി കുടിയേറി പാർത്തിരുന്ന പാവങ്ങളായ ജനങ്ങൾക്ക് പൗരത്വം വരെ നിക്ഷേധിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുന്നു.

അനേകം മനുഷ്യരുടെ ചോരയും ജീവനും നൽകി ജനാധിപത്യ മതേതരത്വ സംവിധാനത്തിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടുത്തുയർത്തിയ ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ ലോകജനതക്കുമുന്പിൽ ലജ്ജിച്ചു നാണംകെട്ടു തല കുനിച്ചു നിൽക്കേണ്ട ഗതികേടിലേക്കാണ് നാലുവർഷത്തെ ഭരണം കൊണ്ട് നരേന്ദ്രമോദി സർക്കാർ ഇന്ത്യയെ എത്തിച്ചത്. വർഗീയ ഫാസിസ്റ്റുശക്തികളാൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ജനാധിപത്യവും, മതേതരത്വവും പുനഃ സ്ഥാപിക്കുന്നതിനും വർഗീയ ശക്തികളെ തുരത്തുന്നതിനും മഹാത്മാഗാന്ധിയെ പോലെ തന്നെ രാഹുൽ ഗാന്ധിക്കും കഴിയും എന്ന ഉറച്ച വിശ്വാസം ഇന്ത്യൻ ജനതക്കുണ്ട്. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ക്വിറ്റ് ഇന്ത്യ ബിജെപി എന്ന പ്രഖ്യാപനത്തോടെ മുന്നേറാൻ സാധിക്കുമെന്നും ബെയ്ഷ് ഒഐസിസി. കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് ചേറൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഓച്ചിറ ദിലീപ് കളരിക്കമണ്ണേൽ ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചു. കുഞ്ഞിമുഹമ്മദ് മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. ജോർജ് ചേപ്പാടൻ ആലപ്പുഴ, ട്രഷറർ സാദിഖലി കോയിസൻ, അബ്ദുൽ ലത്തീഫ് മാഹി, അസറുദ്ദീൻ മംഗളൂരു, ബാപ്പു കോയിസന്‍ തുടങ്ങിയവർ സംസാരിച്ചു. അസൈൻ അരീക്കോട് സ്വാഗതവും അബ്ദുൽ ഗഫൂർ കുറ്റൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ