ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന ഇരുപതൊന്നാമത് സംയുക്ത സുവിശേഷ മഹായോഗം ഓഗസ്റ്റ് 10 വെള്ളിയാഴ്ച മാർത്തോമ്മ സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപനും മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റുമായ ബിഷപ്പ് ഡോ. യുയാക്കീം മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പും തിരുവല്ല രൂപതയുടെ അധിപനുമായ ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസാണ് ഈ വർഷത്തെ കണ്‍വൻഷനിൽ മുഖ്യസന്ദേശം നൽകുന്നത്. ഓഗസ്റ്റ് 10 മുതൽ 12 വരെ (വെള്ളി, ശനി, ഞായർ) വൈകിട്ട് 6 മുതൽ 9 വരെ ഡാളസിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ചാണ് സംയുക്ത സുവിശേഷ മഹായോഗം നടത്തപ്പെടുന്നത്.
കഴിഞ്ഞ നാൽപതുവർഷമായി ഡാളസിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട 21 ഇടവകകൾ ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കണ്‍വൻഷനിലേക്ക് ഡാളസിലെ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ. ഫാ. മത്തായി മണ്ണൂർവടക്കേതിൽ, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം
സംയുക്ത സുവിശേഷ മഹായോഗം ഡാളസിൽ വെള്ളിയാഴ്ച തുടക്കമാകും
07:14 PM Aug 10, 2018 | Deepika.com