ന്യൂയോർക്ക്: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും മലങ്കര അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന മുപ്പത്തിരണ്ടാമത് യൂത്ത് ആൻഡ് ഫാമിലി കോണ്ഫറൻസ് നഗരിയിൽ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ഒൗദ്യോഗിക മീഡിയ മലങ്കര ടിവിയുടെ പ്രത്യേക സ്റ്റുഡിയോയും മീഡിയ റൂമും ഭദ്രാസന മെത്രാപോലീത്തായും, മലങ്കര ടിവി ചെയർമാനുമായ അഭി. യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത ജൂലൈ 25ന് ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ കുടുംബമേളയോടനുബന്ധിച്ചുള്ള മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി ഡയറക്ടർമാർ അറിയിച്ചു. പൊതുസമ്മേളനവും, സമാപന ദിനമായ ശനിയാഴ്ച രാവിലെ അഭി. തിരുമേനിമാരുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുന്ന വി. കുർബാനയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ജൂലൈ 5ന് ഭദ്രാസന ആസ്ഥാന ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന മലങ്കര ടിവിയുടെ വാർഷിക യോഗത്തിൽ ഈ വർഷത്തെ കുടുംബമേളക്കുള്ള മലങ്കര ടിവിയുടെ പ്രവർത്തനത്തിന്റെ രൂപരേഖ തയാറാക്കി. മലങ്കര ടിവി ചെയർമാൻ അഭി. യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ഡയറക്ടർമാരായ സുനിൽ മഞ്ഞിനിക്കര, ഏലിയാസ് വർക്കി, ബാബു തുന്പയിൽ, സാജു മാരോത്ത്, ആശ മത്തായി, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എംഡി എന്നിവർ പങ്കെടുത്തു.
വാർത്താ വിനിമയ രംഗത്ത് ഒരു നൂതന കാൽവയ്പ്പു എന്ന നിലയിൽ തുടക്കം കുറിച്ച മലങ്കര ടിവി, അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി ആറു വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഈ വിജയത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഏവരേയും പ്രത്യേകം അനുമോദിക്കുന്നുവെന്ന് അഭി. തിരുമേനി ഓർമ്മിപ്പിച്ചു. മലങ്കര ടിവി നടത്തിയ വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്കുള്ള കാഷ് അവാർഡുകളും ഫലകങ്ങളും അഭി. യൽദോ മോർ തീത്തോസ് തിരുമേനി കുടുംബമേളയുടെ പൊതുസമ്മേളനത്തിൽ നൽകി ആദരിക്കുന്നതാണ്. വിജയികൾക്ക് സമ്മാനാർഹമായ പരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും കുടുംബ മേളയിൽ നൽകുന്നതാണ്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
മലങ്കര ടിവിയുടെ പ്രത്യേക സ്റ്റുഡിയോ അഭി. യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത 25ന് ഉദ്ഘാടനം ചെയ്യും
09:17 PM Jul 23, 2018 | Deepika.com