ഫ്ലോറിഡാ കടൽത്തീരത്തു നിന്നും ശംഖ് ശേഖരിച്ച ടെക്സസ് യുവതിക്ക് തടവും പിഴയും

11:09 PM Jul 19, 2018 | Deepika.com
ഫ്ലോറിഡ: ടെക്സസിൽ നിന്നും ഫ്ലോറിഡാ സന്ദർശനത്തിനെത്തിയ ഡയാന ഫിസ്ക്കൽ ഗൊൺസാലോസിനു ഫ്ലോറിഡാ കടൽ തീരത്തു നിന്നും ശംഖ് ശേഖരിച്ച കുറ്റത്തിന് 15 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു.

രഹസ്യ വിവരത്തെതുടർന്നു ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനാണ് അറസ്റ്റ് ചെയ്തു കേസെടുത്തത്. ജൂലൈ 13 ന് കോടതിയിൽ ഹാജരായ ഇവർ കുറ്റ സമ്മതം നടത്തുകയും ശിക്ഷ അംഗീകരിക്കുകയുമായിരുന്നു. കോടതി ഇവർക്ക് 500 ഡോളർ പിഴയടക്കാനും 268 ഡോളർ കോടതി ചെലവു നൽകാനും ഉത്തരവിട്ടു.

മറ്റുള്ളവർക്ക് സമ്മാനമായി നൽകുന്നതിനാണ് ഇവ ശേഖരിച്ചതെന്നു ഇവർ കോടതിയിൽ മൊഴി നൽകി. ഒഴിഞ്ഞ ശംഖ് ശേഖരിക്കുന്നതിനു നിയമ തടസമില്ലെങ്കിലും ശംഖ് ശേഖരിക്കുന്നത് നിയമ ലംഘനമാണ്. വളരെ അപൂർവമായ ഇവയ്ക്കുള്ളിൽ ലിവിങ്ങ് ഓർഗാനിസം ഉണ്ടെന്നുള്ളതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്.

റിപ്പോർട്ട് : പി. പി.ചെറിയാൻ