യുഡിഎഫിന്‍റെ വിജയത്തിന് പ്രവാസികളുടെ സഹായം അനിവാര്യം: വി.പി. സജീന്ദ്രൻ എംഎൽഎ

10:53 PM Jul 19, 2018 | Deepika.com
ഷിക്കാഗോ: യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരുന്നതിനും കേരളത്തിന്‍റെ വികസനത്തിനും പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്നു വി.പി. സജീന്ദ്രൻ എംഎൽഎ. ജൂലൈ 15നു പ്രോസ്പെക്ട് ഹൈറ്റ്സിലുള്ള കണ്‍ട്രി ഇൻ ആൻഡ് സ്യൂട്ട്സിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനം നടത്തിയ സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് വർഗീസ് പാലമലയിൽ പറഞ്ഞു.

കോണ്‍ഗ്രസിൽ ഒരു തലമുറ മാറ്റം ആവശ്യമാണെന്നു മുൻ പ്രസിഡന്‍റ് അഗസ്റ്റിൻ കരിങ്കുറ്റിയിൽ സൂചിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തേയും മതേതരത്വത്തേയും തകർക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് പെരുന്പാവൂർ മുൻ ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജീവ് പറഞ്ഞു. അമേരിക്കൻ മലയാളികൾ കാണിക്കുന്ന കോണ്‍ഗ്രസ് വികാരം അഭിനന്ദനാർഹമാണെന്നു കോട്ടയം മുനിസിപ്പൽ കൗണ്‍സിലർ ടിനോ തോമസ് സൂചിപ്പിച്ചു.

ഈശ്വര പ്രാർഥനയോടെ ആരംഭിച്ച യോഗം മരിച്ചുപോയ മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എം ജേക്കബിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സന്തോഷ് നായർ സ്വാഗതം ആശംസിച്ചു. പോൾ പറന്പി, സതീശൻ നായർ, തോമസ് മാത്യു, ജോർജ് പണിക്കർ, അനിയൻ കോന്നോത്ത് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് തന്പി മാത്യു യോഗത്തിൽ എംസിയായിരുന്നു. സെക്രട്ടറി ജസി റിൻസിയുടെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം