ഇന്ത്യൻ യുവ പൈലറ്റ് നിഷ സെജ് വാൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

08:33 PM Jul 19, 2018 | Deepika.com
ഫ്ലോറിഡാ: അമേരിക്കയിലെ ഫ്ലോറിഡായിൽ രണ്ടു ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ അമേരിക്കൻ യുവ പൈലറ്റ് നിഷ സെജ് വാൾ (19) ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

ജോർജ് സാഞ്ചസ് (22) നാൾഫ് റെനറ്റ് (72) കാർലോസ് ആൽഫ്രെഡൊ (22) എന്നിവരാണ് മറ്റു മൂന്നുപേർ.ഡീൻ ഇന്‍റർ നാഷണൽ ഫ്ലൈറ്റ് സ്കൂളിലേതായിരുന്നു അപകടത്തിൽപെട്ട ഇരു വിമാനങ്ങളും. മോശം കാലാവസ്ഥയായിരുന്നു അപകടകാരണമെന്നു പറയപ്പെടുന്നു.

പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ചിരുന്ന അന്വേഷണം ജൂലൈ 18 ന് പുനരാരംഭിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്.

ഡൽഹി അമിനിറ്റി ഇന്‍റർനാഷണൽ സ്കൂളിൽ നിന്നും പ്രൈവറ്റ് ഫ്ലൈറ്റ് ലൈസൻസ് സ്വന്തമാക്കിയ നിഷ 2017 ലാണ് അമേരിക്കയിലെ ഡീൻ ഇന്‍റർ നാഷണൽ ഫ്ലൈറ്റ് സ്കൂളിൽ പരിശീലനം ആരംഭിച്ചത്.

2007– 2017 കാലഘട്ടത്തിൽ ഇതേ ഫ്ലൈറ്റ് സ്കൂളിലെ രണ്ടു ഡസനിലധികം വിമാനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് മയാമി ഡേഡ് കൗണ്ടി മേയർ കാർലോസ് ജിമിനസ് പറഞ്ഞു. അപകടത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടന്നു വരുന്നു.

റിപ്പോർട്ട് : പി. പി. ചെറിയാൻ