കാൻസർ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപിരിവ് നടത്തിയ യുവതിക്ക് തടവും പിഴയും

10:39 PM Jul 16, 2018 | Deepika.com
ന്യുയോർക്ക്∙ മാരകമായ കാൻസർ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണ പിരിവ് നടത്തിയ വെസ്റ്റ് ചെസ്റ്ററിൽ നിന്നുള്ള നേപ്പാൾ യുവതി ഷിവോണി ഡിയോകരന് (38) രണ്ടു വർഷം ജയിൽ ശിക്ഷയും 47741.20 ഡോളർ പിഴയും ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ജഡ്ജി വിധിച്ചു.

കൺപുരികവും തലയും പൂർണമായി ഷേവ് ചെയ്ത് കാൻസറാണെന്ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 201 –2016 കാലഘട്ടത്തിൽ പണം തട്ടിയെടുത്തത്. ദാനധർമ്മം നടത്തുന്നതിനു താത്പര്യമുള്ളവരെ ചൂക്ഷണം ചെയ്യുക വഴി, അർഹരായ രോഗികൾക്കു പോലും സഹായം ലഭിക്കുന്നതിനുള്ള സാധ്യതകൾ ഇവർ ഇല്ലാതാക്കി എന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇവരുടെ രണ്ടു കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോലും പ്രത്യേക ഫണ്ട് പിരിവ് നടത്തിയിരുന്നതായും കോടതി കണ്ടെത്തി. പതിനെട്ടു മാസമാണ് തനിക്ക് ഡോക്ടർമാർ അനുവദിച്ചിരിക്കുന്നതെന്നും 2015 ൽ തന്റെ ഭർത്താവ് നേപ്പാളിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ കൊല്ലപ്പെട്ടുവെന്നും ഇവർ കളവ് പറഞ്ഞിരുന്നു.

കള്ളത്തരം പുറത്തായതോടെ കുറ്റം മുഴുവൻ ഇവരുടെ ആൺ സുഹൃത്തിനു മേൽ ചുമത്താനാണ് ഇവർ ശ്രമിച്ചത്. ഉറക്കത്തിൽ തന്റെ മുടിയെല്ലാം വെട്ടിയെന്നും തട്ടിപ്പു നടത്താൻ പ്രേരിപ്പിച്ചുവെന്നും ഇവർ പറഞ്ഞു. കോടതി വിധി വന്നതോടെ ചെയ്തത് തെറ്റാണെന്ന് ഇവർ സമ്മതിച്ചു. എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

റിപ്പോർട്ട് : പി.പി. ചെറിയാൻ