കേളി അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

09:59 PM Jul 16, 2018 | Deepika.com
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണ യോഗം അക്ഷരാർത്ഥത്തിൽ വർഗീയ വിരുദ്ധ തീവ്രവാദ വിരുദ്ധ പ്രതിഷേധ സംഗമമായി മാറി.

കേരളത്തിലെ കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള മത വർഗീയ തീവ്രവാദികളുടെ ബോധപൂർവവും ആസൂത്രിതവുമായ ശ്രമത്തിന്‍റെ ഫലമാണ് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്‍റെ ദാരുണമായ കൊലപാതകമെന്നും എന്തു വിലകൊടുത്തും കേരളത്തിലെ കാന്പസുകളെ രാഷ്ട്രീയ പ്രബുദ്ധമാക്കുകയും വർഗീയവാദ തീവ്രവാദ മുക്തവുമാക്കുകയും ചെയ്യുക എന്നതാണ് അഭിമന്യുവിന്‍റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാടിൻറെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ഷൗക്കത്ത് നിലന്പുർ സ്വാഗതം പറഞ്ഞു. ബി.പി. രാജീവൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനർ കെപിഎം സാദിഖ് അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് മേലേതിൽ, സതീഷ് കമാർ, ഷമീർ കുന്നുമ്മൽ, സുധാകരൻ കല്ല്യാശേരി, ടി ആർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.