സൗത്ത് ലേക്ക് (ടെക്സസ്): ടെക്സസ് ഇന്റർ ഡിനോമിനേഷൻ മെഗാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആറാഴ്ച നീണ്ടു നിന്ന രക്തദാന പരിപാടിയിലൂടെ 4,600 പേരുടെ ജീവൻ രക്ഷിക്കാനായെന്ന് ഗേറ്റ് വെ ചർച്ച് പാസ്റ്റർ റോബർട്ട് മോറിസ് അറിയിച്ചു.
ടെക്സസ് സൗത്ത് ലേക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗേറ്റ് വെ ചർച്ച് കാർട്ടർ ബ്ലഡ് കെയറുമായി സഹകരിച്ചാണ് റിക്കാർഡ് രക്തദാനം നടത്താനായതെന്നും പാസ്റ്റർ പറഞ്ഞു.
രക്തദാനമെന്ന ആശയം ചർച്ചിൽ പ്രാവർത്തികമാക്കാൻ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ചു പാസ്റ്റർ വ്യക്തമാക്കി. ഏപ്രിൽ മാസം ഭാര്യയുമായി സഞ്ചരിക്കുന്പോൾ പെട്ടെന്നു ബോധക്ഷയമുണ്ടായി. ഉടനെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആന്തരിക രക്തസ്രാവമാണെന്നും ധാരാളം രക്തം ആവശ്യമാണെന്നും അതിനെ തുടർന്ന് രക്തംദാനം ചെയ്യുവാൻ അനേകർ മുന്നോട്ടുവന്നുവെന്നും, മിക്കവാറും മരിച്ചുവെന്ന് വിധിയെഴുതിയ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതു തക്കസമയത്തു ലഭിച്ച രക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആറാഴ്ച നീണ്ടു നിന്ന രക്തദാനം ചർച്ചിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും അംഗങ്ങളുടെ പരിപൂർണ സഹകരണമാണ് ഇങ്ങനെയൊരു റിക്കാർഡ് സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും തുടർന്നും ഈ മഹത്തായ പ്രവർത്തനം ചർച്ചിന്റെ മറ്റു കാന്പസുകളിലേക്കും വ്യാപിപ്പിക്കുമെന്നും പാസ്റ്റർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടെക്സസ് മെഗാ ചർച്ച് രക്തദാനത്തിലൂടെ രക്ഷിച്ചത് 4,600 ജീവൻ
11:13 PM Jul 13, 2018 | Deepika.com