ഹൂസ്റ്റണ്‍: മികച്ച പാർലമെന്ററിയേനും മുൻ കേന്ദ്ര സഹമന്ത്രിയും 1995 മുതൽ 2007 വരെ മേഘാലയ ഗവർണറുമായിരുന്ന അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിനെ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് ടെക്സസ് ചാപ്റ്റർ അനുസ്മരിച്ചു.
ജൂലൈ 8 നു ഞായറാഴ്ച വൈകുന്നേരം 5.30നു സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജീമോൻ റാന്നി അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിൽ ഹൃസ്വ സന്ദർശനത്തിനു എത്തിച്ചേർന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോർജ് മാമൻ കൊണ്ടൂർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി.
വിദ്യാർത്ഥിയായിരിക്കുന്പോഴേ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കാളിയായിരുന്ന ജേക്കബ് സാർ ആചാര്യവിനോബഭാവേയുടെ ഭൂദാൻ പ്രസ്ഥാനത്തിൽ കൂടെയാണ് പൊതുപ്രവർത്തനരംഗത്തും കോണ്‍ഗ്രസിലും സജീവമാകുന്നത്. പിന്നീടിങ്ങോട്ട് എം.എം. ജേക്കബ് ഇന്ത്യൻ കോണ്‍ഗ്രസ് രാഷ്ട്രീയ രംഗത്തെ പ്രമുഖരിൽ ഒരാളായി മാറിയതോടൊപ്പം തന്നെ ഭരണരംഗത്തെ കരുത്തുറ്റ സാന്നിധ്യവുമായി മാറി.
ഫോമാ മുൻ പ്രസിഡന്റും പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ പ്രസിഡന്റുമായ ശശിധരൻ നായർ, ഐഎൻഒസി പെൻസിൽവാനിയ ചാപ്റ്റർ സെക്രട്ടറി സന്തോഷ് എബ്രഹാം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡബ്ലിയുഎംസി അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ഫോമാ റീജയണൽ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ, ബിബി പാറയിൽ, ജോർജ് കൊച്ചുമ്മൻ, സജി ഇലഞ്ഞിക്കൽ, ഡാനിയേൽ ചാക്കോ, സക്കറിയ കോശി, റോയ് തീയാടിക്കൽ, റോയ് വെട്ടുകുഴി, മാമ്മൻ ജോർജ് തുടങ്ങിയവർ ജേക്കബിനെ അനുസ്മരിച്ചു സംസാരിച്ചു. ഇന്ത്യയെ തൊട്ടറിഞ്ഞ ആദര്‍ശധീരനായ നേതാവായിരുന്നു എം.എം. ജേക്കബ് എന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജീമോൻ റാന്നി
എം.എം. ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്: ഐഎൻഓസി ടെക്സസ് ചാപ്റ്റർ
10:36 PM Jul 11, 2018 | Deepika.com