ഒഎൻസിപി കുവൈറ്റ് ഷണ്‍മുഖദാസ് അനുസ്മരണം നടത്തി

01:07 AM Jul 03, 2018 | Deepika.com
കുവൈത്ത്: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി മുൻ കേരള അരോഗ്യ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന എസി ഷണ്‍മുഖദാസ് അനുസ്മരണം സംഘടിപ്പിച്ചു.

ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള നേതാക്കളിൽ ഒരാളായിരുന്ന എസിഎസ്, തന്‍റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ആരേയും പേടിക്കാതെ സധൈര്യം രാഷ്ടീയ പ്രവർത്തനം നടത്തിയിരുന്ന നേതാവായിരുന്നുവെന്ന് അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്‍റെ വിയോഗം എൻസിപിക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.

അബു ഹലീഫ എസ്വി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജിയോ ടോമി, ട്രഷറർ ടി.വി. രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജോ ജോസ്, സൂരജ് പൊന്നേത്ത്, ജോഫി മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ