ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു

02:52 PM Jun 25, 2018 | Deepika.com
ഷിക്കാഗോ: ഫോമാ കണ്‍വന്‍ഷന്‍ ബാങ്ക്വറ്റില്‍ വച്ച് ഫിലിപ്പ് ചാമത്തിലിന്റെ നേത്രുത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റു

പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു), ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവര്‍ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍ പോള്‍ സി മത്തായിക്ക് മുന്‍പാകെ സത്യപ്രതിജ്ഞചെയ്തു. ട്രഷറര്‍ ഷിനു ജോസഫിനു ക്യാപ്റ്റന്‍ രാജു ഫിലിപ്പ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ മാത്യുസ് കണ്ണച്ചാന്‍ പറമ്പില്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ആര്‍.വി.പി. മാര്‍ എന്നിവര്‍ ഒരുമിച്ചു സത്യവാചകം ഏറ്റു ചൊല്ലി.

അഡൈ്വറി ബോര്‍ഡ് ചെയര്‍ തോമസ് ടി. ഉമ്മന്‍, സെക്രട്ടറി രേഖാ ഫിലിപ്പ്, ജോ. സെക്രട്ടറി സാബു ലൂക്കോസ് എന്നിവര്‍ക്കും പോള്‍ സി. മത്തായി സത്യവാചകം ചൊല്ലിക്കൊടുത്തു.

ചാരിറ്റിക്കു മുന്‍ഗണന നല്‍കുമെന്നും സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നതിനു പരിശ്രമിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.വ്യക്തമായ പരിപാടികള്‍ ആവിഷ്‌കരിച്ച് എല്ലാവരുടെയും സഹകരണത്തോടെ അവ നടപ്പില്‍ വരുത്തുമെന്ന് ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം പറഞ്ഞു.

ചടങ്ങില്‍ വച്ച് അധികാരം കൈമാറുന്നതിന്റെ സൂചനയായി ഫോമായുടെ പതാക പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ കൈമാറി. പുതിയ ഭരണ സമിതിക്കു ബെന്നിയും സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ജിബി തോമസും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.

ഭരണാ ഘടനാ ഭേദഗതി പ്രകാരമാണു പുതിയ ഭരണ സമിതി ബാങ്ക്വറ്റില്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ പഴയ സമിതി ഓഗസ്റ്റ് വരെ തുടര്‍ന്നിരുന്നു. സ്ഥാനമൊഴിഞ്ഞുവെങ്കിലും പഴയ ഭരണ സമിതിക്കു കണക്കും മറ്റും അവതരിപ്പിക്കാന്‍ സമയമുണ്ട്.

ഒരു യൂത്ത് ഫെസ്റ്റിവല്‍ നടത്തുക എന്നതാണു പ്രധാനമായി ഉദ്ദേശിക്കുന്ന പദ്ധതികളിലൊന്ന് എന്ന് ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു. കേരള കണ്വന്‍ഷന്‍ ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തുന്ന കാര്യവും ആലോചനാ വിഷയമായി. അത് നേരത്തെ നടത്തുകയാണു നല്ലതെന്ന് ചാമത്തില്‍ അഭിപ്രായപ്പെട്ടു.

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തമ്മില്‍ നിരന്തരം കമ്യൂണിക്കേഷനു പ്രത്യേക ഈമെയില്‍വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും സ്ഥിരമായുള്ള ടെലിഫോണ്‍ കോണ്‍ഫറന്‍സ് സംവിധാനം നടപ്പാക്കുകയും ചെയ്യും.

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നാഷണല്‍ എക്‌സിക്യൂട്ടിവിനു പുറമെ നാഷണല്‍ കമ്മിറ്റി, അഡൈ്വസറി ബോര്‍ഡ്, വനിതാ പ്രതിനിധികള്‍, ആര്‍.വി.പി.മാര്‍, യൂത്ത് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.