ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജഴ്‌സി ചാപ്റ്റർ നഴ്സസ്‌ ഡേ ആഘോഷിച്ചു

01:10 AM Jun 22, 2018 | Deepika.com
ന്യൂജേഴ്‌സി: അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂജേഴ്‌സി ചാപ്റ്റർ രണ്ടിന്‍റെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനം ആഘോഷിച്ചു. മെമ്പർഷിപ് കമ്മിറ്റി ചെയർ ഉമാ വേണുഗോപാൽ സ്വാഗതം ആശംസിച്ചു. സംഗീത വിനോദ പരിപാടികളാൽ സമൃദ്ധമായിരുന്ന ആഘോഷ പരിപാടികൾ മെർലിൻ മെൻഡോങ്ക, പ്രമീള മെൻഡോങ്ക, വയലറ്റ് മോനിസ് എന്നിവർ പ്രാർഥന ഗാനം ആലപിച്ചു. ഫാ. ആൻറ്റണി ഡുക്രു പ്രാർഥനയ്ക്കു നേതൃത്വം നൽകി.

ചാപ്റ്റർ പ്രസിഡന്‍റ് ഡോ.സോഫി വിൽ‌സൺ അധ്യക്ഷ പ്രസംഗം നടത്തി. ന്യൂജേഴ്‌സി സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ സിഇഒ ജൂഡി സ്മിത്ത്, സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് നോർമ്മ റോഡ്‌ജേർസ്, ഫിലിപ്പീൻസ് നഴ്സസ് അസോസിയേഷൻ ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്‍റ് റോസ്‌മേരി റോസാലെസ്, ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡോ. ലിഡിയ അല്ബുഖുർക്, വർഷ സിംഗ്, ഡോ.റേച്ചൽ കോശി എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷപരിപാടികളെ ധന്യമാക്കി.

വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചകൾ നടന്നു. പ്രിയ വേണുഗോപാലിന്‍റെ പ്രസംഗം ശ്രദ്ധേയമായി. ആധുനിക ചികിൽസാ രംഗത്തെ പുത്തൻ പ്രവണതകളുടെ മധ്യത്തിൽ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടു കർമരംഗത്തു സജീവമാകുവാൻ നഴ്സുമാരെ പ്രിയ ആഹ്വാനം ചെയ്തു. വർഷ സിംഗിന്‍റെ ശ്രുതിമധുരമായ ഗാനവും മാളവിക ഭട്ടാചാര്യ നടത്തിയ സഹജ യോഗ മെഡിറ്റേഷനും ആഘോഷത്തിന് മികവ് നൽകി. ഡോ. മുനിറ വെൽസ് നന്ദി പ്രകാശിപ്പിച്ചു. ഡോ.സോഫി വിൽ‌സൺ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി