കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസ് കുന്നമംഗലം ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ തുടക്കമായി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും സാങ്കേതിക വിദ്യയും നൂനത രീതികളും ശുചിത്വ ഹരിത ആരോഗ്യ പൂർണ്ണ രാഷ്ട്രത്തിന് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ബാല ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 87 പ്രബന്ധങ്ങളാണ് ബാല ശാസ്ത്ര കോണ്‍ഗ്രസിൽ അവതരിപ്പിക്കുക. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിൽ നിന്ന് തെരഞ്ഞെടുക്കുന്ന 16 പ്രബന്ധങ്ങൾ ഡിസംബർ 27 മുതൽ 31 വരെ ഭുവനേശ്വറിൽ അവതരിപ്പിക്കും. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ഇന്ന് വൈകീട്ട് മൂന്നിന് എം.കെ. രാഘവൻ എംപി നിർവ്വഹിക്കും. ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സിഡബ്ലിയുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ.ബി. അനിത, ഡോ. സി. ഭാസ്കരൻ, ഓർഗനൈസേഷൻ കമ്മറ്റി ചെയർമാൻ ഡോ. എസ്. പ്രദീപ്കുമാർ, പ്രഫ. ഇ.കെ. കുഞ്ഞികൃഷ്ണൻ, ഡോ. എ. ബിജുകുമാർ, ഡോ. പി. ഹരിനാരായണൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസിനു തുടക്കമായി
11:57 PM Nov 16, 2018 | Deepika.com