താമരശേരി: അഖില ഭാരതഅയ്യപ്പ സേവാ സംഘം താമരശേരി 201-ാം നമ്പർ ശാഖ നവീകരിച്ചു നിർമ്മിച്ച ശ്രീ അയ്യപ്പഭജനമഠം ഭക്തർക്കു സമർപ്പണവും ഗുരുവന്ദനവും സംഘടിപ്പിച്ചു. ശബരിമല മുൻകീഴ്ശാന്തിയും താമരശേരി കോട്ടയിൽ ക്ഷേത്ര മേൽശാന്തിയുമായ കരുവാറ്റ ബാബു നമ്പൂതിരി മഠം ശ്രീകോവിലിൽ അയ്യപ്പന്റെ ഛായാചിത്രം സ്ഥാപിച്ച് ഭദ്രദീപം തെളിയിച്ചു.
തുടർന്ന് പ്രസാദവിതരണം നടന്നു. ചടങ്ങിന് മുന്നോടിയായി വാസ്തുബലി, ഗണപതിഹോമം, ഭഗവതിസേവ, അയ്യപ്പന് പൂജ എന്നിവ നടന്നു. അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന ജീർണ്ണാവസ്ഥയിലായിരുന്ന പഴയ ഭജനമഠം പൊളിച്ച് ശിൽപ്പി ശശി വിനായകയുടെ നിർദേശാനുസരണമാണ് പുതിയ മഠം നിർമ്മിച്ചത്. പ്രശസ്ത ചിത്രകാരൻ ഒള്ളൂർ ദേവദാസാണ് അയ്യപ്പന്റെ എണ്ണച്ചായ ചിത്രം വരച്ചത്. തുടർന്ന് നടന്ന ഗുരുവന്ദനം പരിപാടിയിൽ മുതിർന്ന ഗുരുസ്വാമിമാർ, മഠം നിർമ്മാണത്തിനു നേതൃത്ത്വം നൽകിയവർ, സേവാസംഘത്തിന്റെ മുൻകാല സാരഥികൾ തുടങ്ങി 41 പേരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മൺമറഞ്ഞു പോയ ആദ്യകാലസാരഥികൾക്കും ഗുരുസ്വാമിമാർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു. സതീഷ് തേവള്ളി അയ്യപ്പ സ്തുതിഗീതം ആലപിച്ചു. സേവാസംഘം പ്രസിഡന്റ് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. സരസ്വതി, മക്കാട്ട് മാധവൻ നമ്പൂതിരി, വാഴാമ്പറ്റ നാരായണൻ നായർ, വി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു.
താമരശേരി ശ്രീ അയ്യപ്പഭജനമഠ സമർപ്പണവും ഗുരുവന്ദനവും സംഘടിപ്പിച്ചു
11:56 PM Nov 16, 2018 | Deepika.com