കോഴിക്കോട്: സംസ്ഥാനത്ത് ജുവനൈൽ പ്രമേഹം ബാധിച്ച കുട്ടികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ഡോ.എം.കെ.മുനീർ എംഎൽഎ. ടൈപ്പ് വൺ(ജുവനൈൽ) പ്രമേഹം ബാധിച്ച കുട്ടികളും രക്ഷിതാക്കളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കേരള ടൈപ്പ് വൺ ഡയബറ്റിസ് വെൽഫെയർ സൊസൈറ്റിയും കേശവദേവ് ട്രസ്റ്റും ‘മധുരനക്ഷത്രങ്ങൾ’ എന്ന പേരിൽ വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച ജുവനൈൽ പ്രമേഹബാധിതരുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുവനൈൽ പ്രമേഹ ചികിത്സയുമായി ബന്ധപ്പെട്ട് രോഗബാധിതരും ആശ്രിതരും മാനസികമായും ശാരീരികമായും സാമ്പത്തികമായും നേരിടുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. രോഗബാധിതരായ കുട്ടികൾക്ക് താങ്ങായി നിന്ന് അവരെ തളരാതെ പൊരുതാൻ സജ്ജരാക്കുകയെന്ന ഉത്തരവാദിത്തം രക്ഷിതാക്കൾ കാര്യക്ഷമമായി നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മധുരനക്ഷത്രങ്ങൾ’ കൂട്ടായ്മയിൽ ജുവനൈൽ പ്രമേഹരോഗബാധിതരായ കുട്ടികളും രക്ഷിതാക്കളുമായി നൂറിലധികം പേർ പങ്കെടുത്തു. ‘മിഠായി’ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹതയുള്ളവരുടെ പ്രായപരിധിയും വരുമാനപരിധിയും ഉൾപ്പെടെ ഉയർത്തണമെന്ന് കൂട്ടായ്മ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു. പ്രോഗ്രാം കൺവീനർ ടി.ആർ.വിജേഷ് അധ്യക്ഷത വഹിച്ചു. മധുരനക്ഷത്രങ്ങൾ’ കൂട്ടായ്മയുടെ ലോഗോ പ്രകാശനം എ.പ്രദീപ്കുമാർ എംഎൽഎ നിർവഹിച്ചു.
‘മധുരനക്ഷത്രങ്ങൾ’ സംഗമം നടത്തി
12:53 AM Oct 08, 2018 | Deepika.com