കൊച്ചി: നൈജീരിയന്‍ കടലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും നൈജീരിയന്‍ നാവികസേനയുടെ ഉത്തരവുകള്‍ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്നു നാട്ടിലെത്തും.
കപ്പലിലെ ജീവനക്കാരായിരുന്ന 16 ഇന്ത്യന്‍ നാവികരില്‍ മലയാളികളായ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന് നഗറിലെ താമസക്കാരനായ സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണില്നിന്നാണ് ഇവര്‍ യാത്ര തിരിച്ചിട്ടുള്ളത്. കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
2022 ഓഗസ്റ്റിലാണ് "എംടി ഹീറോയിക് ഇഡൂണ്‍' ക്രൂഡ് ഓയില്‍ ടാങ്കര്‍ നൈജീരിയ കസ്റ്റഡിയിലെടുത്തത്. 16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന് എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് ഈ കപ്പലിലുണ്ടായിരുന്നത്.
2022 ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ നൈജീരിയന്‍ അധികൃതര്‍ക്ക് കൈമാറുകയും നൈജീരിയന്‍ നേവി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്ന് നാട്ടിലെത്തും
12:13 AM Jun 10, 2023 | Deepika.com