വടക്കഞ്ചേരി: വടക്കഞ്ചേരി-പുളിങ്കുട്ടം റോഡിൽ ആയക്കാട് മന്ദത്തിനടുത്ത് സ്ഥാപിച്ചിരുന്ന എഐ കാമറ വാഹനം ഇടിച്ചു തകർന്നു. വ്യാഴാഴ്ച രാത്രിയാണു സംഭവം.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒന്നാകെ കടപുഴകി സമീപത്തെ പറന്പിലേക്കു വീണു. പോസ്റ്റിന്റെ നടുഭാഗത്തും ഒടിവുണ്ട്. ഏതോ വാഹനത്തിന്റെ തകർന്ന ചില്ലും സ്ഥലത്ത് കാണപ്പെട്ടു. കാമറ പോസ്റ്റ് മന:പൂർവം ഇടിച്ചുതകർത്തതാണെന്ന നിഗമനത്തിലാണു സ്ഥലം പരിശോധിച്ച പോലീസ്. പോസ്റ്റ് വരെ വാഹനം പോയി പിന്നീടു തിരിച്ചുവന്ന നിലയിലാണു പാതയോരത്തെ പുല്ലിലെ ടയർപാടുകളുള്ളത്.
പാലക്കാട്ടുനിന്നു മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ദേവിദാസന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. കാമറ സ്ഥാപിച്ച കെൽട്രോണ് പ്രതിനിധികളും കോഴിക്കോട്ടുനിന്ന് എത്തിയിരുന്നു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
സംസ്ഥാനത്ത് ആദ്യമായാണു വാഹനമിടിച്ച് എഐ കാമറ തകരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ദേവിദാസൻ പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്നു വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയും അറിയിച്ചു.
ഏതു വാഹനമാണ് ഇടിച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഏതോ യാത്രാ വാഹനമാണെന്ന സംശയമുണ്ട്.
സംഭവ സ്ഥലത്തുനിന്നു ലഭിച്ച ചില്ലിൻകൂട്ടത്തിൽ സിദ്ധാർഥ് എന്ന പേരിനോടു സാമ്യമുള്ള സ്റ്റിക്കർ ഉണ്ടായിരുന്നെന്നും ഇതുസംബന്ധിച്ച് വിവരം ലഭിക്കുന്നവർ വടക്കഞ്ചേരി പോലീസിൽ അറിയിക്കണമെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു.
അതേസമയം, മതിയായ ഉറപ്പോടെയല്ല കാമറ പോസ്റ്റ് സ്ഥാപിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്കഞ്ചേരിയിൽനിന്ന് ആയക്കാട്, പുളിങ്കുട്ടം, മഞ്ഞപ്ര, കണക്കന്നൂർ, പുഴപ്പാലം കടന്ന് തൃശൂർ പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. വടക്കഞ്ചേരി ഭാഗത്ത് ആയക്കാടിനു പുറമെ മംഗലം പാലത്തിനടുത്തും വള്ളിയോടുമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകളുള്ളത്.
വാഹനമിടിച്ച് എഐ കാമറ തകർന്നു
12:13 AM Jun 10, 2023 | Deepika.com