തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിർമാണങ്ങൾക്ക് ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ.
വീട് ഉൾപ്പെടെ 300 ചതുരശ്രമീറ്റർ വരെയുള്ള ചെറുകിട കെട്ടിടങ്ങൾക്കാണ് ഇന്നു മുതൽ അപേക്ഷ ലഭിച്ചാൽ ഉടൻ പരിശോധനയില്ലാതെ പെർമിറ്റ് നൽകുക. കെട്ടിട ഉടമസ്ഥരുടെയും ലൈസൻസിയുടെയും എൻജിനിയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓണ്‍ലൈനായാണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.
അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിൽ കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നൽകണം.
യഥാർഥ വസ്തുതകൾ മറച്ചുവച്ച് പെർമിറ്റ് നേടിയെന്നു പിന്നീട് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമയുടെ ചെലവിൽ പൊളിച്ചു നീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും.
വീടു നിർമാണത്തിന് അപേക്ഷിച്ചാലുടൻ പെർമിറ്റ്; തീരുമാനം പ്രാബല്യത്തിൽ
01:39 AM Apr 01, 2023 | Deepika.com