കുമരകം (കോട്ടയം): വികസന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഡിജിറ്റല്‍ പൊതുഅടിസ്ഥാനസൗകര്യത്തിന്റെ (ഡിപിഐ) നിര്‍ണായക പങ്കിനെക്കുറിച്ചും കഴിഞ്ഞ ദശകത്തില്‍ ഡിപിഐ നടപ്പാക്കുന്നതില്‍ ഇന്ത്യയുടെ വിപുലമായ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാം ജി 20 ഷെര്‍പ യോഗത്തിന്റെ ആദ്യദിനത്തിനു തുടക്കമായി.
നാസ്കോം, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് (ബിഎംജിഎഫ്), ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് (ഡയല്) എന്നിവയുമായി സഹകരിച്ച് ജി20 സെക്രട്ടറിയറ്റാണ് അനുബന്ധപരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ ജി 20 ഷെര്‍പ അമിതാഭ് കാന്തും നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷും ചേര്‍ന്ന് ഷെര്പ്പമാരുടെയും ജി20 അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡിപിഐ എക്സ്പീരിയന്‍സ് സോണ്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ഡിപിഐ വിജയഗാഥ പ്രദര്‍ശിപ്പിച്ച് ഡിജിറ്റല്‍ സ്വത്വം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തുല്യമായ പ്രവേശനം തുടങ്ങിയ നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രധാന ഡിപിഐകളെ ഡിജിറ്റല്‍ ഇന്ത്യ എക്സ്പീരിയന്‍സ് സോണ്‍ ഉയര്‍ത്തിക്കാട്ടി. ജനങ്ങളുമായി ഇടപെടുന്ന ആധാര്‍, കോ-വിന്, യുപിഐ, ഡിജിലോക്കര്‍, ഭാഷിണി തുടങ്ങിയ ഇന്ത്യയുടെ വിവിധ ഡിപിഐകള്‍ എക്സ്പീരിയന്‍സ് സോണില്‍ പ്രദര്‍ശിപ്പിച്ചു.
ജി20 ഷെര്‍പ യോഗത്തിന്റെ പ്ലീനറി സെഷനുകള്‍ക്കു ഇന്നു തുടക്കമാകും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഉദ്ഘാടന സമ്മേളനത്തില്‍ പ്രത്യേക പ്രഭാഷണം നടത്തും.
ഡിജിറ്റല്‍ ഇന്ത്യയെ വിവരിച്ച് രാജ്യം; പുകഴ്ത്തി വിദേശ പ്രതിനിധികള്‍
കുമരകം (കോട്ടയം): ഡിജിറ്റല്‍ രംഗത്ത് കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങള്‍ ജി 20 രാജ്യങ്ങളെ പരിചയപ്പെടുത്തി ഇന്ത്യ. കുമരകത്ത് ആരംഭിച്ച ജി 20 രാഷ്ട്രത്തലവന്റെ ഉന്നത പ്രതിനിധിസംഘത്തെ നയിക്കുന്ന വ്യക്തികളുടെ (ഷെര്‍പ) രണ്ടാംസമ്മേളനത്തിലാണ് ഡിജിലോക്കര്‍, യുപിഐ ഉള്‍പ്പെടെ ഡിജിറ്റല്‍ രംഗത്തെ നേട്ടങ്ങളെ വിദേശപ്രതിനിധികള്‍ പുകഴ്ത്തിയത്.
ഇന്നും നാളെയും ഷെര്‍പകളുടെ മാത്രം ഒത്തുചേരല്‍ കെടിഡിസി റിസോര്‍ട്ടിലാണ്. രണ്ടിന് ഓണാഘോഷവും സാംസ്കാരിക പരിപാടികളും. ജി 20 അംഗരാജ്യങ്ങള്‍, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തര സംഘടനകള്‍ എന്നിവയില്‍ നിന്നായി 120 പ്രതിനിധികളാണ് ഏപ്രില്‍ 2 വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കുക. ആറു മുതല്‍ ഒന്പതുവരെ ഡവലപ്മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും നടക്കും.
രണ്ടാം ജി 20 ഷെര്‍പ യോഗത്തിനു തുടക്കമായി
01:23 AM Mar 31, 2023 | Deepika.com