വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.
കൊന്നക്കൽകടവ് സായ്കുളന്പ് കോഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഭർത്താവ് നാരായണൻ (80) മംഗലംഡാം പോലീസിൽ കീഴടങ്ങി. ഇന്നലെ രാവിലെ എട്ടോടെയാണയിരുന്നു സംഭവം.
നാരായണനും പാറുക്കുട്ടിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മക്കൾ എല്ലാവരും ജോലി ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ താമസിക്കുകയാണ്. കുടുംബ വഴക്കിനെത്തുടർന്ന് പാറുക്കുട്ടിയെ വെട്ടുകയായിരുന്നു. കൊടുവാളും ടാപ്പിംഗ് കത്തിയും ഉപയോഗിച്ച് പാറുക്കുട്ടിയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം നാരായണൻ ഓട്ടോവിളിച്ച് മംഗലംഡാം പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
പോലീസും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ പാറുക്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരുടെയും ഫോറൻസിക് വിഭാഗത്തിന്റെയും പരിശോധനയ്ക്കു ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹംബന്ധുക്കൾക്കു വിട്ടു കൊടുക്കും. നാരായണനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ഇവരുടെ മക്കൾ: ബാലകൃഷ്ണൻ, മണികണ്ഠൻ, ഗംഗാധരൻ, മല്ലിക, പുഷ്പലത. മരുമക്കൾ: ഉഷ, പ്രീത, അഞ്ജു, ശശി, പരേതനായ സുകുമാരൻ
വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു
01:23 AM Mar 31, 2023 | Deepika.com