ചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ വളവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരിയും കാറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയും മരിച്ചു. കാർ മരത്തിലിടിച്ച് ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു.
കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60), വഴിയാത്രക്കാരി പരിയാരം ചില്ലായി ദേവസിക്കുട്ടിയുടെ ഭാര്യ അന്നം (75) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന കരിപ്പായി തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. സിഎസ്ആർ ആശ്രമത്തിനു മുന്നിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന അന്നത്തിനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വലിയ മരത്തിൽ ഇടിച്ചുകയറിയാണ് കാറിൽ യാത്ര ചെയ്തിരുന്ന ആനി മരിച്ചത്.
ആനിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് തോമസിനെയും ആനിയെയും, റോഡിൽ വീണ അന്നത്തിനെയും ഫയർഫോഴ്സെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നത്തിന്റെയും ആനിയുടെയും ജീവൻ രക്ഷിക്കാനായില്ല.
സി എസ് ആർ വളവിൽ അപകടങ്ങൾ പതിവാണ്. ആനിയുടെ മക്കൾ: അൻസൻ (പോളണ്ട്) സിൻസൻ (ദുബായ്). മരുമക്കൾ: നിയ, റൈനി. കോർമല കാവുങ്ങൽ കുടുംബാംഗമാണ് പരേത. സംസ്കാരം പിന്നീട്.അന്നത്തിന്റെ സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ.
അതിരപ്പിള്ളി റോഡിൽ കാറപകടം, രണ്ടു സ്ത്രീകൾ മരിച്ചു
12:53 AM Mar 30, 2023 | Deepika.com