കുമളി: ഭൂപതിവ് നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നാരോപിച്ച് ഏപ്രിൽ മൂന്നിന് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപതിവു നിയമ ഭേദഗതി അവതരിപ്പിക്കാൻ തടസമായതു പ്രതിപക്ഷമാണെന്ന എൽഡിഎഫ് പ്രചാരണം അസംബന്ധമാണ്.
നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ലിസ്റ്റിൽ സംസ്ഥാനത്തെ ഭൂപതിവു നിയമ ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ല. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ നിയമസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി ലിസ്റ്റ് ചെയ്യണം. ലിസ്റ്റ് പ്രതിപക്ഷ നേതാവിനും ലഭിക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ ലിസ്റ്റിൽ ഭൂപതിവ് നിയമഭേദഗതി ഉൾപ്പെടുത്തിയിരുന്നില്ല. ലിസ്റ്റ് ചെയ്യാത്ത വിഷയം നിയമസഭയിൽ അവതരിപ്പിക്കുമായിരുന്നെന്നു പറയുന്നതു ജനങ്ങളെ വിഡ്ഢികളാക്കാനാണ്. ഹർത്താൽ നടത്തി വീണ്ടും ജനവഞ്ചന നടത്തുകയാണ്.
ജനങ്ങളോടു യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇടതുസർക്കാർ ഹർത്താൽ ആഹ്വാനം നടത്തി ഇളിഭ്യരാകുകയാണെന്നും കുമളിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ പീരുമേട് നിയമസഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാത്യു കുഴൽനാടൻ പറഞ്ഞു.
എൽഡിഎഫിന്റെ ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് കുഴൽനാടൻ
01:32 AM Mar 27, 2023 | Deepika.com