പാലയൂർ: തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 26-ാം പാലയൂർ മഹാതീർഥാടനം ഇന്ന് നടക്കും.
തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ പുലർച്ചെ നാലിന് അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം ആദ്യതീർഥാടന പദയാത്രാ സംഘം പുറപ്പെടും. പതിനൊന്നിന് പാലയൂരിൽ എത്തിച്ചേരും. വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകളും രാവിലെയും വൈകുന്നേരവുമായി പാലയൂരിൽ എത്തും.
രണ്ടാമത്തെ തീർഥാടകസംഘം ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിക്കു ശേഷം പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് നാലിനു പാലയൂരിലെത്തും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹപ്രഭാഷണം നടത്തും. മാർ ടോണി നീലങ്കാവിൽ പ്രസംഗിക്കും.
പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലി നടക്കും. പൊതുസമ്മേളനത്തിനു ശേഷം അർപ്പിക്കുന്ന സമൂഹബലിക്ക് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡേവീസ് കണ്ണന്പുഴ അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരംവരെ തീർഥാടകർക്കായി നേർച്ച കഞ്ഞിവിതരണം ഉണ്ടായിരിക്കുമെന്ന് കണ്‍വീനർ കെ.ജെ. പോൾ പറഞ്ഞു.
പാലയൂർ മഹാതീർഥാടനം ഇന്ന്
01:35 AM Mar 26, 2023 | Deepika.com