അമ്പലപ്പുഴ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി- ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽനിന്നു നീറ്റ് പരീക്ഷയ്ക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാനാണു പുറത്തുപോയത്. തുടർന്നു സുഹൃത്തുക്കളുമായി പമ്പയാറ്റിലെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി അപകടത്തിൽപ്പെടുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്നു തകഴി അഗ്നിശമന സേനാ അംഗങ്ങളുടെ തെരച്ചിലിനൊടുവിൽ മൃതദേഹം വൈകിട്ടു കണ്ടെത്തുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. തകഴി ഡിബിഎച്ച്എസ്എസിലെ പ്ലസ് ടു ബയോളജി ബാച്ച് വിദ്യാർഥിയാണ്.
പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
01:35 AM Mar 26, 2023 | Deepika.com