കണ്ണൂർ: കോലത്തിരി ചിറക്കൽ വലിയ രാജ പൂയ്യം തിരുനാൾ സി.കെ. രവീന്ദ്ര വർമ (88) അന്തരിച്ചു.
സംസ്കാരം ഇന്നുരാവിലെ 11 ന് വളപട്ടണം കളരിവാതുക്കൽ ചിറക്കൽ കോവിലകം വക തീക്കൂലോത്ത്. ചിറക്കൽ രാജാസ് ഹൈസ്കൂൾ മുഖ്യാധ്യാപകനായിരുന്ന രവീന്ദ്രവർമ കിളിമാനൂർ കൊട്ടാരത്തിൽ പരേതനായ കെ.ആർ. രാജരാജ വർമയുടെയും ചിറക്കൽ കോവിലകത്ത് പരേതയായ അനിഴം നാൾ ഓമന തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: എണ്ണക്കാട് വടക്കേമഠം കൊട്ടാരത്തിൽ ശാന്തകുമാരി തമ്പുരാട്ടി ( ചിറക്കൽ രാജാസ് ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: ഗായത്രി വർമ (അധ്യാപിക, ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് ഹൈസ്കൂൾ, മുംബൈ), ഗംഗാ വർമ ( അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര), ഗോകുൽ വർമ (റീജണൽ ബിസിനസ് ഹെഡ്, ശ്രീരാം ഫൈനാൻസ്, കണ്ണൂർ).
മരുമക്കൾ: പ്രദീപ് വർമ ( ടാക്സ് കൺസൽട്ടന്റ്, മുംബൈ), ആർ.വി. രവികുമാർ ( ബിസിനസ്, എറണാകുളം), ലക്ഷ്മി വർമ. സഹോദരങ്ങൾ: സി.കെ.ലീലാ രാമവർമ്മ, സി.കെ. ഉഷ ജനാർദ്ദന രാജ, പ്രഫ.ഡോ.സി.കെ. അശോക വർമ (മുൻ വൈസ് പ്രൻസിപ്പൽ, കൃഷ്ണ മേനോൻ ഗവ.കോളജ്, കണ്ണൂർ), പരേതയായ സി.കെ. കമലം തമ്പുരാട്ടി.
വളപട്ടണം വെസ്റ്റേൺ ഇന്ത്യയിൽ അക്കൗണ്ടന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന രവീന്ദ്രവർമ നിലവിൽ ചിറക്കൽ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയാണ്. സംഗീത-നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. “മുത്തച്ഛൻ പറഞ്ഞ കോലത്തിരി കഥകൾ”, ശ്രീ ശങ്കരാചാര്യരുടെ ഭജ ഗോവിന്ദം മലയാളത്തിലേക്ക് ശ്ലോകരൂപത്തിൽ വിവർത്തനം എന്നിവ ഇവയിൽ പ്രധാനം. കേരള ഫോക് ലോർ അക്കാദമി, ക്ഷേത്രകലാ അക്കാദമി എന്നിവയിൽ ദീർഘകാലമായി മെംബറായും പ്രവർത്തിച്ചിരുന്നു. വിവിധ ആധ്യാത്മിക സാംസ്കാരിക സംഘടനകളുടെ സാരഥിയും സാംസ്കാരിക പ്രഭാഷകനും കൂടിയായിരുന്നു. കേരള സംഗീത-നാടക അക്കാദമി ഗുരുപൂജ പുരസ്കാരം2009, കെ.രാമവർമ സാഹിത്യ പുരസ്കാരം 2018 തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഉത്രട്ടാതി തിരുനാൾ സി.കെ.രാമവർമ ഇളയരാജയായിരിക്കും അടുത്ത ചിറക്കൽ കോവിലകം വലിയ രാജയായി ചുമതലയേൽക്കുക. പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്ന സി.കെ. രാമവർമ രാജ. കിഴക്കേ കോവിലകത്താണു താമസം.
ചിറക്കൽ വലിയ രാജ സി.കെ. രവീന്ദ്രവർമ അന്തരിച്ചു
01:03 AM Mar 25, 2023 | Deepika.com