കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതി ലോകായുക്ത വിധി പറയാന്‍ മാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന ഹര്‍ജിയില്‍ ലോകായുക്തയില്‍ പരാതി നല്കാന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്കി.
തിരുവനന്തപുരം നേമം സ്വദേശിയും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്. എസ്. ശശികുമാര്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളീ പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ജി മൂന്നിനു വീണ്ടും പരിഗണിക്കാനായി മാറ്റി.
മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരേയാണ് ഹര്ജിക്കാരന് ലോകായുക്തയില്‍ പരാതി നല്‍കിയത്. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെത്തുടര്‍ന്ന് മക്കളുടെ വിദ്യാഭ്യാസച്ചെലവിനായി 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ. രാമചന്ദ്രന് നായരുടെ മരണത്തെത്തുടര്‍ന്ന് മകന് 8.5 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.
ലോകായുക്തയില്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് വാദം തുടങ്ങി. തുടര്‍ന്ന് 2022 മാര്‍ച്ച് 18 നു വിധി പറയാനായി മാറ്റി. തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസ് പോസ്റ്റ് ചെയ്യുകയോ വിധി പറയുകയോ ചെയ്തിട്ടില്ലെന്ന് ഹര്ജിക്കാരന് പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്തയില്‍ പരാതി നല്കാന് നിര്‍ദേശം
01:05 AM Mar 24, 2023 | Deepika.com