കൊച്ചി: സിനഡ് ഏകകണ്ഠമായി തീരുമാനിച്ച സാഹചര്യത്തില്‍ എറണാകുളം -അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തില്‍, സംസ്ഥാന സര്‍ക്കാരോ ചീഫ് സെക്രട്ടറിയോ മധ്യസ്ഥത വഹിക്കേണ്ടതില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം. സിനഡിനുവേണ്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി നിലനില്‍ക്കില്ലെന്നും മധ്യസ്ഥതതയ്ക്കു സര്‍ക്കാരിനു നിയമപരമായ ബാധ്യതയില്ലെന്നും സത്യവാങ്മൂലം പറയുന്നു. കുര്‍ബാനത്തര്‍ക്കത്തെത്തുടര്‍ന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ സര്‍ക്കാരിനോട് ഇടപെടാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങളായ ആന്റണി ജോസഫ്, ടോമി ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണു കര്‍ദിനാള്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഹര്‍ജി ഈയാഴ്ച വീണ്ടും പരിഗണിക്കും.
ഏകീകൃത കുര്‍ബാന സീറോ മലബാര്‍ സഭയുടെ വിശ്വാസപരമായ കാര്യമായതിനാല്‍ മധ്യസ്ഥചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെ നിര്‍ബന്ധിക്കാന്‍ ഹൈക്കോടതിക്കു നിയമപരമായി കഴിയില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ എതിര്‍പ്പില്ല.
എന്നാല്‍, ഇതിന്റെ മറവില്‍ സിനഡ് തീരുമാനിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ കാര്യങ്ങളില്‍ മധ്യസ്ഥചര്‍ച്ച നടത്താനോ കൂടിയാലോചന നടത്താനോ കഴിയില്ല. പള്ളികള്‍ക്കു ബാധകമായ ആരാധനാ നിയമങ്ങളുണ്ടാക്കാനും തീരുമാനം എടുക്കാനും സിനഡിനാണ് അധികാരം. സിനഡ് തീരുമാനിച്ച ആരാധനക്രമം പാലിക്കാന്‍ ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും ബാധ്യതയുണ്ട്.
ഏകീകൃത കുര്‍ബാന എറണാകുളം -അങ്കമാലി അതിരൂപതയിലെ ചില ഇടവകകളിലൊഴികെ നടപ്പാക്കി. ചിലരുടെ സംഘടിത പ്രതിഷേധത്തെത്തുടര്‍ന്നാണ് അതിരൂപതയിലെ ചില ഇടവകകളില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത്.
സിനഡിന്റെ തീരുമാനം ചിലയിടങ്ങളില്‍ അനുസരിക്കാത്തതില്‍ നിരാശനായ മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം വിശ്വാസികള്‍ക്കു കത്തെഴുതിയിരുന്നു. സിനഡ് തീരുമാനം നടപ്പാക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. സിനഡ് തീരുമാനം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണു ഹര്‍ജി നല്‍കിയിട്ടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മുമ്പ് ഹര്‍ജി പരിഗണിക്കവെ പള്ളി തുറക്കുന്ന കാര്യത്തില്‍ ഒത്തുതീര്‍പ്പിനു സാധ്യതയുണ്ടോയെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണു സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ഏകീകൃത കുര്‍ബാന: മധ്യസ്ഥത വഹിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലെന്ന് കര്‍ദിനാള്‍
02:17 AM Mar 23, 2023 | Deepika.com