തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കൂടി സഭാ ടിവിയിലൂടെ സംപ്രേഷണം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം പരിശോധിച്ച് ഉടൻ തന്നെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നു സ്പീക്കർ എ.എൻ. ഷംസീർ.
പാർലമെന്റിൽ 2005 ൽ കൊണ്ടു വന്ന ചട്ടഭേദഗതി പ്രകാരം പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഷ്വൽസും കാണിക്കുന്നുണ്ടെന്നും കേരളത്തിൽ സഭാ ടിവിയിലും ഇതു നടപ്പിലാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കാം എന്നാണു സ്പീക്കർ ഇന്നലെ റൂളിംഗിനിടെ അറിയിച്ചത്.
നിയമസഭാ നടപടികളുടെ തൽസമയ സംപ്രേഷണത്തിലെ അപാകത സംബന്ധിച്ച് പ്രതിപക്ഷ നേതാവും സ്പീക്കർക്കു പരാതി നൽകിയിരുന്നു.
വീഡിയോ ചിത്രീകരണങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സഭാതലത്തിലും പരിസരത്തും നിന്നുള്ള ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തു കൊടുക്കുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിൽ അതു സംബന്ധിച്ച മാർഗനിർദേശങ്ങളും കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടൻ പുറപ്പെടുവിക്കുന്നതാണെന്നു സ്പീക്കർ അറിയിച്ചു.
സഭാ ടിവി : പ്രതിപക്ഷആവശ്യം പരിഗണിക്കുമെന്നു സ്പീക്കർ
01:10 AM Mar 21, 2023 | Deepika.com