കൊച്ചി: റബര്‍ കര്‍ഷകരുടെ സങ്കടത്തില്നിന്നുണ്ടായ പ്രസ്താവനയാണ് തലശേരി ആര്‍ച്ച് ബിഷപ്പിന്റേതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. റബര്‍ കര്‍ഷകര്‍ക്ക് ഒരുറപ്പും ഭരണകൂടം നല്‍കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ദേശീയ ഭരണകൂടത്തെ പിന്തുണയ്ക്കാനാവില്ലെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടി രൂപയുടെ റബര്‍ വില സ്ഥിരതാ ഫണ്ട് പൂര്‍ണമായി ചെലവാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും റബര്‍ വില സ്ഥിരതാ ഫണ്ട് ഉണ്ടെങ്കിലും ചെലവഴിക്കാറില്ല.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്.
സ്റ്റാന്‍സ്വാമി എന്ന വയോധികനായ പുരോഹിതനെ ജയിലിലിട്ട് കൊന്നവരാണു മോദി ഭരണകൂടം. രണ്ടു കത്തോലിക്കാ പുരോഹിതരും അഞ്ചു ക്രൈസ്തവ പാസ്റ്റര്‍മാരും നിലവില്‍ ജയിലിലാണ്. എല്ലാ സ്ഥലത്തും മതപരിവര്‍ത്തനം നടത്തുന്നത് ക്രൈസ്തവരാണെന്ന ആക്ഷേപം ഉന്നയിച്ചാണ് അവരെല്ലാം ആക്രമിക്കപ്പെടുന്നത്. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന പ്രധാന പ്രശ്നം സംഘപരിവാര്‍ സംഘടനകളുടെ ആക്രമണമാണെന്നും സതീശന് പറഞ്ഞു.
തലശേരി ആര്ച്ച്ബിഷപ്പിന്റേത് റബര്‍ കര്‍ഷകരുടെ സങ്കടത്തില്നിന്നുണ്ടായ പ്രസ്താവന: വി.ഡി. സതീശന്
04:47 AM Mar 20, 2023 | Deepika.com