പാലക്കാട്: താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യമല്ലേയെന്നു മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്കു ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണു തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സഭ നടത്താതിരിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സർക്കാരിനെ അട്ടിമറിക്കാനാണു പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയിൽ നടക്കണമെന്നു പ്രതിപക്ഷത്തിന് ഒരു താത്പര്യവുമില്ല. കെ.കെ. രമയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചർച്ച വേണോയെന്നു പ്രതിപക്ഷമാണു തീരുമാനിക്കേണ്ടത്. വാച്ച് ആൻഡ് വാർഡുകൾക്കു ക്രൂരമായ മർദനമേറ്റ സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടത് സർക്കാരിനെതിരേ ബിജെപിയുടെ പ്രവർത്തനത്തിനു സമാനമാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രവർത്തനം. ആർഎസ്എസ് ഏജന്റുമാരായി കോണ്‍ഗ്രസിലെ ചില നേതാക്കന്മാർ പ്രവർത്തിക്കുന്നുണ്ടോ എന്നതു മതനിരപേക്ഷ കോണ്‍ഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മരുമകൻ വിളിയിൽ പ്രശ്നമൊന്നുമില്ലെന്നു മുഹമ്മദ് റിയാസ്
04:38 AM Mar 20, 2023 | Deepika.com