തൃശൂർ: ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാരായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലയർ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ നോണ്‍ പ്രോഫിറ്റ് മെഡിക്കൽ സേവനങ്ങൾക്കായി ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്റർ അരണാട്ടുകരയിൽ പ്രവർത്തനം തുടങ്ങി.
ശാന്തിഭവന്റെ ഫെലോഷിപ്പ് അംഗങ്ങളുടെ ഏകോപനത്തിനും പ്രവർത്തനങ്ങൾക്കുമായി ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ചാരിറ്റി എൻജിന്റെ ഉദ്ഘാടനം ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് ചീഫ് പേട്രൺകൂടിയായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഓണ്‍ലൈനിലൂടെ നിർവഹിച്ചു. ശാന്തിഭവന്റെ സൗജന്യ സാന്ത്വന പരിചരണ പരിപാടികൾക്ക് സാന്പത്തിക പിന്തുണ നൽകുന്ന ഫെലോഷിപ്പ് അംഗങ്ങൾക്ക് ഒട്ടേറെ പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരമാണ് ഗുഡ് സമരിറ്റൻ സെന്ററിലൂടെ യാഥാർഥ്യമാകുന്നതെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
യോഗത്തിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസിന്റെ കോ-ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കൂത്തൂർ ഗുഡ് സമരിറ്റൻ സെന്ററുകളിലെ നോണ്‍ പ്രോഫിറ്റ് പദ്ധതികളെക്കുറിച്ചുള്ള അവതരണം നടത്തി. എഫ്എസ്സി സന്യാസ സമൂഹത്തിന്റെ മദർ ജനറലും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസിന്റെ കോ-ഫൗണ്ടറുമായ സിസ്റ്റർ മരിയ ക്യാര എഫ്എസ്സി ഇറ്റലിയിൽനിന്ന് ഓണ്‍ലൈനിലൂടെ പ്രാർഥനാശംസകൾ നേർന്നു.
നോണ്‍ പ്രോഫിറ്റ് സ്കാനിംഗിന്റെയും ലാബിന്റെയും ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎയും നോണ്‍ പ്രോഫിറ്റ് ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹോം കെയറിന്റെ ഉദ്ഘാടനം ഡിഎംഒ ഇൻ-ചാർജും നോഡൽ ഓഫീസറുമായ ഡോ. കെ.എൻ. സതീഷ് നിർവഹിച്ചു.
രാത്രിയും പകലും പ്രവർത്തിക്കുന്ന ഡെത്ത് കണ്ഫർമേഷൻ സേവനത്തിന്റെ ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇൻ-ചാർജ് ഡോ. നിഷ എം. ദാസും സൗജന്യ ഡോക്ടേഴ്സ് ഒപി, എക്കോ കാർഡിയോഗ്രാഫി എന്നിവയുടെ ഉദ്ഘാടനം ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റിഷിൻ സുമനും നിർവഹിച്ചു. എഫ്എസ്സി സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ ഡെലഗേറ്റ് സിസ്റ്റർ ജെസി അന്ന, ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്റർ ചീഫ് കോർഡിനേറ്റർ ജോർജ് ചിറമ്മൽ ചീഫ് കോർഡിനേറ്റർ ബെന്നി തെക്കിനിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു
ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്റർ അരണാട്ടുകരയിൽ തുറന്നു
12:20 AM Mar 19, 2023 | Deepika.com