തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾക്ക് ഇളവില്ല. ബജറ്റ് ചർച്ചയ്ക്കു മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇളവുകളില്ലെന്നു വ്യക്തമാക്കിയത്.
ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹ്യസുരക്ഷാ സെസ് ഏർപ്പെടുത്തിയിരുന്നു. വിദേശമദ്യത്തിനും വിലയ്ക്കനുസരിച്ച് 20 രൂപ, 40 രൂപ വീതം സെസ് പ്രഖ്യാപിച്ചു. കെട്ടിടനികുതിയിലും വർധന വരുത്തിയിരുന്നു. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മറുപടിപ്രസംഗത്തിൽ ധനമന്ത്രി ചില ഇളവുകൾ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെട്ടിരുന്നത്.
എന്നാൽ ബജറ്റ് നിർദേശങ്ങളിൽ ഒരു രൂപയുടെ പോലും ഇളവ് അനുവദിച്ചില്ല. 44.20 കോടി രൂപയുടെ ഏതാനും ചില പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കെട്ടിടനികുതി വർധിപ്പിക്കുന്നതുകൊണ്ടു സംസ്ഥാന സർക്കാരിന് നേട്ടം ലഭിക്കുന്നില്ല. അതുവഴി ലഭിക്കുന്ന അധികവരുമാനം തദ്ദേശ സ്ഥാപനങ്ങൾക്കാണു ലഭിക്കുന്നത്. മറ്റു പല നിരക്കുകളിലും കാലോചിതമായ വർധന മാത്രമാണു വരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സാന്പത്തികനില അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചില ഇളവുകളുണ്ടാകുമെന്ന ധാരണയിലാണ് പ്രതിപക്ഷം സത്യഗ്രഹം തുടങ്ങിയത്. തങ്ങൾ സമരം ചെയ്തു കുറപ്പിച്ചു എന്നു വാദിക്കാനായിരുന്നു അവരുടെ സമരമെന്നും മന്ത്രി പറഞ്ഞു.
അടുത്ത സാന്പത്തിക വർഷം സാന്പത്തികരംഗത്തു കൂടുതൽ ഞെരുക്കമുണ്ടാകും. അതു കഴിഞ്ഞാൽ സ്ഥിതി മെച്ചപ്പെട്ടു വരും. നിലവിൽ 60 ലക്ഷത്തിലധികം പേർക്കു സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. ഇതിനായി 11,000 കോടി രൂപയാണു ചെലവഴിക്കുന്നത്. 42 ലക്ഷം കുടുംബങ്ങൾക്കു ചികിത്സാസഹായം നൽകുന്നു.
സാന്പത്തിക പ്രതിസന്ധി എത്ര രൂക്ഷമായാലും ഇതുൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കൊന്നും മുടക്കമുണ്ടാകില്ലെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞു.
പുതിയ പ്രഖ്യാപനങ്ങൾ
ഭൂകന്പത്തിലൂടെ വൻ നാശനഷ്ടമുണ്ടായ തുർക്കിക്കു ദുരിതാശ്വാസ സഹായമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 10 കോടി രൂപ പ്രഖ്യാപിച്ചു. ബജറ്റ് ചർച്ചയ്ക്കു മറുപടി പറയുന്നതിനിടെ മന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതികൾ ചുവടെ:
• മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ സംഘടിപ്പിക്കുന്ന സമ്മോഹൻ കലോത്സവത്തിന് 20 ലക്ഷം
• അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അഞ്ചു കോടി
• ലോയേഴ്സ് അക്കാദമിയുടെ നിർമാണത്തിന് ഒരു കോടി
• സ്കൂളുകളിൽ സ്പോർട്സ് പരിശീലനത്തിന് മൂന്നു കോടി
• അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ചു കോടി
• മലപ്പുറം കഞ്ഞിപ്പുരമൂടാൽ ബൈ പാസിന് അഞ്ചു കോടി
• എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്ക് 10 കോടി
• മയ്യഴി വിനോദസഞ്ചാര പദ്ധതിക്ക് ഒരു കോടി
• കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിന് ഒരു കോടി
• സംസ്ഥാന പട്ടയമിഷന് രണ്ടു കോടി
• തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി
വർധിപ്പിച്ച നികുതിയിൽ ഇളവു പ്രഖ്യാപിക്കാതെ ധനമന്ത്രി
01:03 AM Feb 09, 2023 | Deepika.com