കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്കിയ ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി തള്ളി.
ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ നേരത്തേ അലന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതിനുശേഷം പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂണിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അലനെതിരേ ധര്‍മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്നായിരുന്നു എന്‍ഐഎ വാദം.
മറ്റു കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും പോലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. ഈ സാഹചര്യത്തിലാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയന്നയിച്ചത്.
റോണാ വില്‍സണ്‍, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേ്സ്ബുക്ക് പോസ്റ്റുകള്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്നും എന്‍ഐഎ വാദിച്ചു. അലന് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ മറ്റ് ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ഇതിനു വിരുദ്ധമാണ് ഫേസ്ബുക്ക് പോസ്റ്റെന്ന എന്‍ഐഎയുടെ വാദം കോടതി തള്ളി.
2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് താഹയും പിടിയിലായത്. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലും പോലീസ് രേഖകള്‍ കണ്ടെടുത്തിരുന്നു.
തുടര്‍ന്ന് 2019 ഡിസംബര്‍ 18 ന് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. വിയ്യൂര്‍ ജയിലിലുള്ള പ്രതികളായ ഉസ്മാനെയും വിജിത്തിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നു പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചില്ല. തുടര്‍ന്ന് വിചാരണ നടപടികള്‍ക്കായി കേസ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല
12:33 AM Feb 09, 2023 | Deepika.com