കൊച്ചി: ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും വന്‍തുക വാങ്ങിയെന്നാരോപിച്ചു തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ നല്കിയ ഹര്‍ജിയില്‍ സത്യം പുറത്തുവരട്ടെയെന്നും ഹര്ജിക്കാരന് എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ജുഡിഷല് സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണം മുന്നോട്ടുപോകട്ടെ. ഹര്ജിക്കാരന് അന്വേഷണം നേരിടണം. പോലീസ് അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസ് റദ്ദാക്കാന്‍ ധൃതി പിടിച്ചു ഹര്‍ജി നല്‍കിയതെന്തിനാണെന്നും ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് വാക്കാല്‍ ചോദിച്ചു.
ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ അപക്വമാണെന്നു സിംഗിള്‍ബെഞ്ച് പറഞ്ഞു.
കോഴ ആരോപണത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിനു പിന്നിലെന്നും സൈബിയുടെ അഭിഭാഷകന് വാദിച്ചു.
കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്ന് ഈ ഘട്ടത്തില്‍ സിംഗിള്‍ബെഞ്ച് പറഞ്ഞു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നു ഹര്‍ജി ഫെബ്രുവരി 13ന് പരിഗണിക്കാന്‍ മാറ്റി.
അതേസമയം സൈബിയെ ഈ ഘട്ടത്തില്‍ അറസ്റ്റു ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
അഡ്വ. സൈബി ജോസ് എന്തിനാണു ഭയപ്പെടുന്നത്? ഹൈക്കോടതി
01:02 AM Feb 07, 2023 | Deepika.com