മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മരം വലിക്കാനെത്തിയ മിനി എന്ന പിടിയാന ഇടഞ്ഞു. ആന കുരുത്തിച്ചാലില്നിന്നു പള്ളിക്കുന്ന് കല്യാണക്കാപ്പ് കുമരംപുത്തൂര്‍ ചുങ്കം വഴി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് വരെ റോഡിലൂടെ ഓടി. ദേശീയപാതയിലൂടെ ഓടിയ ആനയ്ക്കു മുന്നില്‍ രണ്ടും കല്പിച്ച് ഒന്നാം പാപ്പാന് ബാലന് നിന്നതോടെ ആനയും നിന്നു. തുടര്‍ന്ന് ആനയെ തളയ്ക്കുകയായിരുന്നു.
ആന ഇടഞ്ഞതല്ലെന്നും വാഹനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടിയതാണെന്നും പാപ്പാന് മാധ്യമങ്ങളോടു പറഞ്ഞു. ആന റോഡിലൂടെ ഓടിവരുന്നുണ്ടെന്ന വിവരം പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാരും പോലീസും ആന വരുന്ന വിവരമറിയിച്ച് മുന്നില്‍ നീങ്ങിയത് അപകടമൊഴിവാക്കി. ഇതിനിടെ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും സമയത്ത് എത്താത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരായി.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്റേതാണ് ആന.
മണ്ണാര്‍ക്കാട്ട് ആന വിരണ്ട് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
11:56 PM Feb 06, 2023 | Deepika.com