തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എഐസിസി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസന്പർക്ക പരിപാടിയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാന് ഈ മാസം 12 മുതൽ കേരളത്തിൽ തുടക്കമാകും. ഇതോടൊപ്പം കെപിസിസിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ചിനും തുടക്കം കുറിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
എറണാകുളം ഡിസിസി ഓഫീസിൽ 12നു രാവിലെ 10.30ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കും.
ഭാരത് ജോഡോ യാത്രയിൽ സ്ഥിരം പദയാത്രികരായും അംഗങ്ങളായും പങ്കെടുത്ത കേരളത്തിൽ നിന്നുള്ള വ്യക്തികളെ യോഗത്തിൽ ആദരിക്കും. ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ ജനസന്പർക്ക പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ബൂത്തുതല ഭവന സന്ദർശനങ്ങൾ 14 മുതൽ 24 വരെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 25 മുതൽ മാർച്ച് 21 വരെ പദയാത്രകൾ സംഘടിപ്പിക്കും.
കെപിസിസി ജനസന്പർക്ക പരിപാടി 12 മുതൽ
01:16 AM Feb 06, 2023 | Deepika.com