റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ നെൽക്കൃഷി വിസ്തൃതിയിൽ 3.9 ശതമാനം കുറവ്. 2020-21 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 2021-22 സാന്പത്തികവർഷത്തിൽ ആകെ നെൽകൃഷിയുടെ വിസ്തൃതിയിലാണ് 3.9 ശതമാനത്തിന്റെ കുറവുണ്ടായത്.
2021-22 സാന്പത്തിക വർഷത്തിൽ നെൽകൃഷിയുടെ വിസ്തൃതി 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഈ കാലയളവിൽ ഉത്പാദനം 5.59 ലക്ഷം ടണ്ണും ഉത്പാദനക്ഷമത ഹെക്ടറിന് 2884 കിലോഗ്രാമും രേഖപ്പെടുത്തി. ഇതു മുൻ വർഷങ്ങളെ അപേക്ഷിച്ച് യഥാക്രമം 10.7 ശതമാനവും 7.1 ശതമാനവും കുറവാണെന്നും സാന്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2021-22ൽ സംസ്ഥാനത്തെ മൊത്തം കൃഷിവിസ്തൃതിയുടെ 7.69 ശതമാനം നെല്ലായിരുന്നു. കഴിഞ്ഞ ദശാബ്ദക്കാലത്തെ നെൽകൃഷി വിശകലനം ചെയ്യുന്പോൾ വിസ്തൃതി ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത് 2020-21ൽ ആണെന്നു കാണാം. 2020-21ൽ വിസ്തൃതി 2.02 ലക്ഷം ഹെക്ടറും ഉദ്പാദനം 6.27 ലക്ഷം ടണ്ണുമായിരുന്നു. ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും 2017-18 മുതൽ കാണപ്പെട്ട ക്രമാനുഗത വർധന 2021-22 സാന്പത്തിക വർഷത്തിൽ കുറവാണു രേഖപ്പെടുത്തിയത്.
2021-22ൽ വിരിപ്പ്, മുണ്ടകൻ സീസണുകളിൽ നെൽക്കൃഷി വിസ്തൃതി മുൻവർഷത്തെ അപേക്ഷിച്ച് കുറയുകയും പുഞ്ചക്കൃഷി വിസ്തൃതി വർധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തിൽനിന്നും വ്യത്യസ്തമായി 2021-22ൽ മുണ്ടകൻകൃഷിയിലാണ് ഉയർന്ന ഉത്പാദന ക്ഷമത ലഭിച്ചത്. ഇതു ഹെക്ടറിനു 3066 കിലോഗ്രാം രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുണ്ടകൻ കൃഷിയിലെ ഉത്പാദനക്ഷമത 3.12 ശതമാനം കുറവായിരുന്നു.
2021-22 വർഷത്തിൽ സംസ്ഥാനത്തെ നെൽക്കൃഷി വിസ്തൃതിയുടെ 44 ശതമാനവും മുണ്ടകൻ കൃഷിയായിരുന്നു. ഇതിൽ 62.08 ശതമാനവും പാലക്കാട്, തൃശൂർ ജില്ലകളിലായിരുന്നു. വിരിപ്പുകൃഷി വിസ്തൃതിയുടെ 78 ശതമാനവും ആലപ്പുഴ, പാലക്കാട് ജില്ലകളിലായിരുന്നു. ഇതിൽ 69 ശതമാനവും പാലക്കാട് ജില്ലയിലായിരുന്നു. ആലപ്പുഴ ജില്ലയിൽ പുഞ്ചകൃഷിക്കും പാലക്കാട് ജില്ലയിൽ മുണ്ടകൻ കൃഷിക്കും വിരിപ്പു കൃഷിക്കുമായിരുന്നു പ്രാധാന്യം.
സംസ്ഥാനത്തെ മൊത്തം നെൽക്കൃഷി വിസ്തൃതിയിൽ 79 ശതമാനവും പാലക്കാട് (39%), ആലപ്പുഴ (18.8%), തൃശൂർ (12 %), കോട്ടയം (9.01 %) ജില്ലകളിലായിരുന്നു. സംസ്ഥാനത്തെ മൊത്തം നെല്ലുത്പാദനത്തിൽ 82 ശതമാനവും ഈ ജില്ലകളിൽ നിന്നുമായിരുന്നു. മലപ്പുറം, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും 2020-21നെ അപേക്ഷിച്ച് നെൽക്കൃഷി വിസ്തൃതിയിൽ കുറവു രേഖപ്പെടുത്തി.
വിസ്തൃതിയിലും ഉത്പാദനത്തിലും പാലക്കാട് ജില്ല ഒന്നാം സ്ഥാനത്തും ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തുമാണ്. എന്നാൽ ഉത്പാദനക്ഷമതയിൽ മലപ്പുറം ജില്ലയായിരുന്നു മുൻപന്തിയിൽ; തുടർന്ന് പാലക്കാട് ജില്ലയും. 2021-22 വർഷത്തിൽ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും നെല്ലുത്പാദനം കുറഞ്ഞു.
സംസ്ഥാനത്തെ പ്രധാന നെല്ല് ഉത്പാദന ജില്ലകളിൽ ഒന്നായ ആലപ്പുഴയിൽ 2020-21 വർഷത്തെ അപേക്ഷിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും യഥാക്രമം 25ശതമാനവും 18 ശതമാനവും കുറഞ്ഞു. നെൽവയൽക്കൃഷിക്കു പുറമേ 1784 ഹെക്ടർ പ്രദേശത്ത് കരനെൽക്കൃഷി നടപ്പാക്കുകയും 2761 ടണ് ഉത്പാദനം ഉണ്ടാകുകയും ചെയ്തു. ഹെക്ടറിനു 1548 കിലോഗ്രാം ആയിരുന്നു കരനെൽ കൃഷിയുടെ ഉത്പാദനക്ഷമത.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കരനെൽകൃഷി 3175 ഹെക്ടറിൽ നിന്നും 1784 ഹെക്ടറായി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നെൽക്കൃഷി വിസ്തൃതി 3.9 ശതമാനം കുറഞ്ഞു
01:26 AM Feb 05, 2023 | Deepika.com