തലശേരി: ഇൻഷ്വറൻസ് ക്ലെയിമാനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കത്തിനശിച്ചു. ഉളിക്കൽ സ്വദേശിനി മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ.എൽ 78 ബി 9911 നമ്പർ യമഹ ഫാസിനോ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം.
യമഹയുടെ തലശേരി ടൗൺഹാൾ ജംഗ്ഷനിലെ ഷോറൂം പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് മൂന്നാഴ്ച മുമ്പ് നിർത്തിയിട്ടതായിരുന്നുസ്കൂട്ടർ. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കൂട്ടർ വാങ്ങിയത്. ഡിസംബറിൽ സ്കൂട്ടർ ഒരപകടത്തിൽപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് നടപടികൾക്കായാണ് സ്കൂട്ടർ ഇവിടെ എത്തിച്ചിരുന്നത്.
ആര്യയുടെ സഹോദരനായ അലൻ എം. തോമസും മറ്റൊരു സുഹൃത്തും കൂടി ഇന്നലെ ഉച്ചയ്ക്ക് സ്കൂട്ടർ തിരിച്ചെടുക്കാനായി എത്തി സെൽഫ് സ്റ്റാർട്ട് ഉപയോഗിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കിക്കർ ഉപയോഗിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുകയും നിമിഷനേരം കൊണ്ട് കത്തിനശിക്കുകയുമായിരുന്നു.
ഇൻഷ്വറൻസ് ക്ലെയിമിനായി ഷോറൂമിലെത്തിച്ച സ്കൂട്ടർ കത്തിനശിച്ചു
12:19 AM Feb 05, 2023 | Deepika.com