പാലക്കാട്: ധോണിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. കരുമത്താൻപൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണു കാട്ടാനക്കൂട്ടം കൊന്നത്.
വെള്ളിയാഴ്ച അർധരാത്രി 12നായിരുന്നു പശുവിനെ കാട്ടാനക്കൂട്ടം ആക്രമിച്ചത്. വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിനു മാരകമായി പരിക്കേറ്റിരുന്നു. വയറിനോടു ചേർന്നു കൊന്പുകൊണ്ടു കുത്തേറ്റതിന്റെ പാടുണ്ട്. അതേസമയം ഒരു മോഴയടക്കം മൂന്ന് ആനകളാണു ധോണി പ്രദേശത്ത് ജനവാസ മേഖലകളിൽ സ്വൈര വിഹാരം നടത്തുന്നത്.
കഴിഞ്ഞ ദിവസവും ധോണിയിൽ വൈദ്യുതിവേലി തകർത്തു കാട്ടാനക്കൂട്ടമിറങ്ങി. ധോണി മേരിമാതാ ക്വാറിക്കു പിറകുവശത്ത് സെന്റ് തോമസ് നഗറിലാണു കഴിഞ്ഞ ദിവസം രാത്രി എട്ടിനു കാട്ടാനയിറങ്ങിയത്. സെന്റ് തോമസ് നഗറിന് സമീപം വനത്തോടു ചേർന്ന് വൈദ്യുതി വേലി മരക്കൊന്പിടിച്ചിട്ട് തകർത്താണ് ആനകളിറങ്ങിയത്.
മേലേ ധോണി ഭാഗത്ത് ആനകൾ ഏറെ നേരം തന്പടിച്ചു. ഇവിടെ നിന്നു പെരുന്തിരിത്തിക്കളം, മായാപുരം ഭാഗത്തേക്കാണ് ആനകൾ രാത്രി വൈകി നീങ്ങിയത്.
ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു
11:35 PM Feb 04, 2023 | Deepika.com