കോഴിക്കോട്: സാധാരണക്കാരെ കൊള്ളയടിച്ച് കേരളത്തിന്റെ നടുവൊടിക്കാനുള്ള ബജറ്റാണു ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനത്തിന്റെ പിടലിയില്‍ വീണ്ടും വിലക്കയറ്റത്തിന്റെ അമിതഭാരം കയറ്റിവയ്ക്കുന്ന ബജറ്റാണിത്. പെട്രോളിനും ഡീസലിനും വില കൂട്ടിയ സര്‍ക്കാര്‍ ഭൂനികുതിയിലും കെട്ടിട നികുതിയിലും വര്‍ധന വരുത്തി.
വാഹന ഉപയോക്താക്കള്‍ക്കും വലിയ തിരിച്ചടിയാണു ബജറ്റ് നല്‍കുന്നത്. സാധാരണക്കാര്‍ക്കു പ്രതീക്ഷ നല്കുന്ന യാതൊന്നും ബജറ്റിലില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു പറയുന്ന അതേ നാവുകൊണ്ടാണു വിലക്കയറ്റത്തിനു കാരണമാകുന്ന ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് വീണ്ടും തെളിയിക്കുന്നതാണു ബജറ്റെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കൊള്ളയടിക്കുന്ന ബജറ്റ്: മുസ്ലിം ലീഗ്
05:56 AM Feb 04, 2023 | Deepika.com