വണ്ടിപ്പെരിയാർ: തേങ്ങാക്കൽ പൂണ്ടിക്കുളത്ത് കടന്നലിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പൂണ്ടിക്കുളം പുതുപറമ്പിൽ പി.സി. മാത്യു - 83 ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
സ്വന്തം പുരയിടത്തിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടാത്. മാത്യുവിനൊപ്പം ജയകുമാർ എന്നയാളും ജോലിക്കുണ്ടായിരുന്നു. ഏലച്ചെടികൾക്കിടയിലെ കടന്നൽകൂട് ഇളകി ആക്രമണം ഉണ്ടാകുകയുമായിരുന്നു. ജയകുമാർ ഓടി രക്ഷപ്പെട്ടു. ആളുകളെ കൂട്ടി ജയകുമാർ തിരികെ എത്തിയപ്പോഴേക്കും മാത്യു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.
മാത്യുവിന്റെ തലയിലും നെഞ്ചിലുമാണ് കൂടുതൽ കുത്തേറ്റത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് ഹെവൻ വാലി സിഎസ്ഐ പള്ളിയിൽ. ഭാര്യ പൊന്നമ്മ. മക്കൾ: എലിസബത്ത്, സാധു, സജി.
കടന്നൽ ആക്രമണത്തിൽ കർഷകൻ മരിച്ചു
04:50 AM Feb 03, 2023 | Deepika.com