കൊച്ചി: വിശുദ്ധ ബൈബിള്‍ വര്‍ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മതസൗഹാര്‍ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് കെസിബിസി.
ക്രൈസ്തവര്‍ സമാധാനപരമായി സഹവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ലോകത്തൊരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിനു വിധേയമാക്കരുത് എന്നതാണ് ക്രൈസ്തവ നിലപാട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അതതു രാജ്യത്തെ പൗരന്മാരുടെ കടമയും ഭരണാധികാരികളുടെ ഉത്തരവാദിത്വവുമാണ്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പോലെതന്നെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും രാജ്യത്തെ നിയമസംഹിതവഴി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബൈബിള്‍ കത്തിച്ചയാള്ക്കെതിരേ കേസെടുത്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇയാള്‍ക്കുവേണ്ടി വാദിക്കാനും ശിക്ഷയില്‍നിന്ന് രക്ഷിക്കാനും ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തരായി മുന്നോട്ടുവന്നേക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യ-മതേതര സര്‍ക്കാര്‍ മാതൃകാപരമായ നടപടിക്രമങ്ങളിലൂടെ സമൂഹത്തില്‍ മതസൗഹാര്‍ദത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും കോട്ടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിവിധ രാഷ്ട്രീയ - സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്രയും ഗൗരവമായ ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്നതാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ബൈബിള്‍ കത്തിച്ച സംഭവം: മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി
04:47 AM Feb 03, 2023 | Deepika.com