തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് സംബന്ധിച്ച് കേരളാ സർവകലാശാലയോടു രാജ്ഭവൻ വിശദീകരണം തേടി.
ചിന്ത ജെറോമിനെതിരേയും അവരുടെ ഗവേഷണബിരുദത്തിന്റെ ഗൈഡ് ആയി പ്രവർത്തിച്ച മുൻ പ്രൊ വൈസ് ചാൻസലർ ഡോ. പി. പി. അജയകുമാറിനെതിരേയും സേവ് യൂണിവേഴ്സിറ്റി കാന്പയിൽ സർവകലാശാല ചാൻസലർകൂടിയായ ഗവർണർക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഗവർണർ വിശദീകരണം തേടിയത്.
ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തിൽ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയതും അതേപടി ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും കടന്നുകൂടിയെന്നാണു കണ്ടെത്തൽ.
പ്രബന്ധത്തിലെ തെറ്റ് കണ്ടെത്താൻ ഗൈഡിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരേയും പരാതികളുണ്ട്. ഓപ്പണ്‍ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ചിന്തയുടെ പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പിവിസി പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും, അദ്ദേഹത്തെ നിലവിലെ എച്ച്ആർഡിസി ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി കാന്പയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അക്കാദമിക് പ്രോഗ്രാമുകളുടെ സർഗസ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ എന്നും ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുതെന്നും സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥരാണെന്നും അതിനാൽ ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.
നോട്ടപ്പിശക്: ചിന്ത ജെറോം
ഇടുക്കി: ഗവേഷണപ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്നു പരാമർശിച്ചതു സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നു സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഇക്കാര്യത്തിൽ തനിക്കു നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മനുഷ്യസഹജമായ തെറ്റാണ്. ഇത് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാവുന്നതേയുള്ളൂ.
രചനകൾ പുസ്തകരൂപത്തിലാകുന്പോൾ പിഴവ് തിരുത്തും. വിമർശനം സദുദ്ദേശ്യത്തോടെയാണെന്നു കരുതുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചവരോടു നന്ദിയുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയതു ശരിയായില്ല- ചിന്ത ജെറോം പറഞ്ഞു.
ചിന്ത ജെറോമിന്റെ ഗവേഷണപ്രബന്ധത്തിലെ പിഴവ്; സർവകലാശാലയോടു രാജ്ഭവൻ വിശദീകരണം തേടി
12:43 AM Feb 01, 2023 | Deepika.com