കൊച്ചി: പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അതു കൂട്ടായ്മയോടെയായിരിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുള്ള കമ്മീഷൻ, സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിളിച്ചുചേർത്ത സീറോ മലബാർ സഭയിലെ അല്മായപ്രേഷിതരുടെ പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർത്താവിന്റെ രാജ്യം സൃഷ്ടിക്കാൻ ഒറ്റയ്ക്കു പോകുന്നതല്ല കത്തോലിക്കാസഭയുടെ ശൈലി. ക്രിസ്തുവിന്റെ സുവിശേഷശൈലി ഏവരും പിന്തുടരണം.
കത്തോലിക്കാസഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും പ്രകാശനമാണ്. സീറോ മലബാർ സഭയിലെ അല്മായപ്രേഷിതർ നടത്തുന്ന പ്രേഷിതമുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നു. അവർ നൽകുന്ന സംഭാവനകളിൽ സഭ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അല്മായ പ്രേഷിത മുന്നേറ്റങ്ങൾ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് എന്നും ശക്തി നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഓഫിസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ്, വിവിധ പ്രേഷിതമുന്നേറ്റങ്ങളുടെ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ആലഞ്ചേരി
12:46 AM Jan 31, 2023 | Deepika.com