പള്ളുരുത്തി: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ എസ്ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. ശനിയാഴ്ച ഫോർട്ടുകൊച്ചി മാന്ത്രയിൽ രാത്രി 11.15ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഫോർട്ടുകൊച്ചി എസ്ഐ എം. സന്തോഷ്മോന്റെ ഇടതുകൈയിലെ എല്ല് ഒടിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച പോലീസ് കോന്പിംഗിന്റെ ഭാഗമായി രാത്രി ഒമ്പതര മുതൽ 12.30 വരെ വാഹന പരിശോധനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ മൈതാനത്തിനു സമീപവും മാന്ത്രയിൽനിന്ന് എസ്.എസ്. കൃഷ്ണൻ റോഡിലേക്ക് തിരിയുന്ന ഭാഗത്തും രണ്ടു ടീമുകളായാണ് പോലീസ് വാഹന പരിശോധന നടത്തിയത്. പാണ്ടിക്കുടിയിൽനിന്ന് അമിതവേഗത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേർ പള്ളത്ത് രാമൻ മൈതാനിക്കു മുന്നിൽ പോലീസ് പരിശോധന കണ്ടു മറ്റൊരു റോഡിലേക്ക് തിരിയുകയായിരുന്നു. പോലീസുകാർ തടയാൻ കൈ കാണിച്ചെങ്കിലും നിർത്താതെ വാഹനം മുന്നോട്ടെടുത്തു. ഇതുകണ്ട് വാഹനം തടയാൻ ശ്രമിച്ച എസ്ഐയെ ഇവർ ഇടിച്ചിട്ട് വാഹനം ഓടിച്ചുപോകുകയായിരുന്നു.
പരിക്കേറ്റ എസ്ഐ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തിന്റെ നമ്പർ കണ്ടെത്തിയിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നമ്പർ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയവർ എസ്ഐയെ ഇടിച്ചിട്ടു കടന്നു
03:31 AM Jan 30, 2023 | Deepika.com