നെടുമ്പാശേരി: ഷാർജയിൽ നിന്നു കൊച്ചിയിലേക്കു വന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി. ഐഎക്സ് 412 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി 8.26ന് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ 193 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കവെയാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
രാത്രി 8.04ന് വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിമിഷനേരങ്ങൾക്കകം ഏതു സാഹചര്യവും നേരിടാൻ ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലൻസുകളും സജ്ജമാക്കി. അടിയന്തരസാഹചര്യം നേരിടാൻ തയാറായിരിക്കാൻ ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾക്കും സന്ദേശം നൽകി. വിമാനം പൂർണ സുരക്ഷിതമായാണു നിലത്തിറങ്ങിയത്.
സാങ്കേതിക തകരാർ: നെടുന്പാശേരിയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
03:31 AM Jan 30, 2023 | Deepika.com